"2029 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതിനോടകം വിജയിച്ചുകഴിഞ്ഞു ": രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്നും 2029 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതിനോടകം വിജയിച്ചുകഴിഞ്ഞെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യാ മുന്നണി സഖ്യത്തിൻ്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൻ്റെ പുതുക്കിയ പതിപ്പ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. നിരവധി സഹപ്രവർത്തകർ തൻ്റെ പ്രസംഗത്തിൻ്റെ ഹിന്ദിയിലുള്ള വിവർത്തനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ താൻ അത് തയ്യാറാക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജൂൺ 8 ന് നടന്ന ഇന്ത്യാ സഖ്യ യോഗത്തിൽ 20 ലധികം നേതാക്കളുടെ പ്രസംഗങ്ങളും അഭിപ്രായങ്ങളും കേട്ടതിനുശേഷം ഒടുവിൽ അവരെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ചിന്താഗതി, രാഷ്ട്രത്തിൻ്റെ ആത്മാവ്, രാഷ്ട്രത്തിന്റെ ജനാധിപത്യമൂല്യങ്ങളും സ്ഥാപനങ്ങളും സമ്മർദത്തിലകപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. എന്നാൽ ഇതിനെ തരണം ചെയ്യാൻ പ്രവർത്തകരുടെ ഐക്യവും പ്രതിരോധവും കൂടിച്ചേർന്നാൽ മാത്രമേ ഫലപ്രദമാകൂ എന്ന് രാഹുൽ ഗാന്ധി തൻ്റെ എകസ് പോസ്റ്റിൽ കുറിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ലെന്നും 2029 ലെ തെരഞ്ഞെടുപ്പിൽ ഇതിനോടകം വിജയിച്ചു കഴിഞ്ഞെന്നും രാഹുൽ ഗാന്ധി വീണ്ടും ആവർത്തിച്ചു.