അന്ത്യയാത്രയ്ക്കായി വൻജനാവലി ; ആദരാഞ്ജലി അര്‍പ്പിച്ച്‌ കണ്ണീരോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

മലപ്പുറം: തമിഴ്‌നാട്ടിലെ വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെ മൃതദേഹങ്ങൾ വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. മലപ്പുറം പാങ്ങ് ഗവൺമെൻ്റ് എൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രത്യേക പൊലീസ് അകമ്പടിയോടെ നാട്ടിലെത്തിച്ചത്.പാങ്ങ് അമ്പലപ്പറമ്പ് ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന പൊതുദർശനം പൂർത്തിയായി.മരിച്ച അധ്യാപകർ ജോലി ചെയ്തിരുന്ന എൽപി സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാലാണ് വേദി മാറ്റിയത്. ജനപ്രതിനിധികളും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേർ വിലാപയാത്രയെ അനുഗമിച്ചു. പൂർവ വിദ്യാർഥികളുമായി അധ്യാപകർ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. പ്രിയ അധ്യാപകരെ അവസാനമായി കാണാൻ കണ്ണീരോടെയാണ് കുട്ടികൾ എത്തിയത്.9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒരു സ്‌കൂളിലെ  ഒരാൾ ഒഴിച്ച് ബാക്കിയെല്ലാഅധ്യാപകരും  മരണപ്പെട്ടു .

രാവിലെ 8.30ഓടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിയത്. പൊള്ളാച്ചി ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. അർധരാത്രി 12ന് ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാലോടെ അവസാനിച്ചു. പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസുകൾക്ക് കേരള അതിർത്തിവരെ തമിഴ്‌നാട് പൊലീസ് അകമ്പടി നൽകി. പൊള്ളാച്ചി വാൽപാറ റോഡിലെ മദ്രസയിൽ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് വാഹനങ്ങൾ കേരളത്തിലേക്ക് തിരിച്ചത്.

സംസ്കാരം

പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി . ഇനി  അതത് മഹല്ല് പള്ളികളിൽ എത്തിച്ച് ഖബറടക്കം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. പ്രധാന അധ്യാപിക പുലാമന്തോൾ സ്വദേശി അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പിലാണ്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാമസ്‌ജിദിലും ഖബറടക്കും. സുഹറ, മകൻ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്‌ജിദിലാണ്.

നാല് പേർ ചികിത്സയിൽ

കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേർ നിരീക്ഷണത്തിൽ തുടരുകയാണ്. സാജിദയുടെ മകൻ 11കാരനായ ഷഹദിൻ, ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസ്(22), സ്കൂൾ ബസ് ഡ്രൈവർ നൗഷാദ്(39) എന്നിവരാണ് ചികിത്സയിലുള്ളത്. 48 മണിക്കൂറിന് ശേഷം ഇവരെ മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജില്ല കലക്ടർ നിർദേശിച്ച പ്രകാരം തഹസിൽദാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം ആശുപത്രിയിലെത്തിയിരുന്നു. ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. അതേസമയം 11കാരി മസ്‌നീൻ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അദ്ഭുതകരമായി പരിക്കുകളില്ലാതെയാണ് രക്ഷപ്പെട്ടത്.ഇന്നലെ വൈകിട്ട് 5.20നാണ് വാൽപാറയിൽ അപകടം നടന്നത്. മിനിവാൻ വാൽപാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 13-ാം ഹെയർപിൻ വളവിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് പതിച്ചു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. പാങ്ങ് എൽപി സ്കൂളിലെ അധ്യാപകർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്.

ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവൻ നഷ്ടമായി. വളവിൽ എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ 21കാരനായ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതായിരുന്നു വളവ്. സുരക്ഷാഭിത്തിക്ക് ആവശ്യത്തിന് ഉയരം ഇല്ലാതിരുന്നതും ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.

അനുശോചനം രേഖപ്പെടുത്തി

വാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ കുറിച്ചു.

വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും അനുശോചിച്ചു. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും നാട്ടുകാരും പൊള്ളാച്ചിയിലെ പള്ളി കമ്മിറ്റിയും രക്ഷാപ്രവർത്തനത്തിനും പോസ്റ്റ്‌മോർട്ടം നടപടികൾക്കും പൂർണ സഹകരണം നൽകി.

"അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും"

വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും പരമാവധി സഹായം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് ഏര്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുദര്‍ശനം നടക്കുന്ന അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.