പരാതിയുമായി വരുന്നവർക്കായി 'എഐ കോപ്പിറൈറ്റർ' ആപ്പുമായി ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി ഭാഷാ ബുദ്ധിമുട്ടുകൾ നേരിടാതെ വേഗത്തിലും കൃത്യമായും പരാതി രജിസ്‌റ്റർ ചെയ്യാനായി 'എഐ കോപ്പിറൈറ്റർ' എന്ന എഐ അധിഷ്‌ഠിത മൊബൈൽ ആപ്പ് കണ്ടുപിടിച്ച് ഹൈദരാബാദ് സിറ്റി പൊലീസ്.ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ പൊലീസ് കമ്മിഷണർ വി സി സജ്ജനാരാണ് എഐ കോപ്പിറൈറ്ററിൻ്റെ ബുദ്ധി കേന്ദ്രം. ബ്ലൂക്ലൗഡ് സോഫ്റ്റ്‌ടെക് സൊല്യൂഷൻസ്, ഇൻ്റേൺ പഗ്രോ ചന്ദു എന്നിവരുമായി സഹകരിച്ചാണ് ഹൈദരാബാദ് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം കുടിയേറ്റ തൊഴിലാളികളും വിനോദസഞ്ചാരികളുമാണ് ജോലിക്കായും മറ്റും ഹൈദരാബാദിൽ എത്തുന്നത്. അവരിൽ തെലുങ്കോ ഇംഗ്ലീഷോ സംസാരിക്കാൻ അറിയാത്തവർ പരാതി നൽകാൻ പൊലീസ് സ്‌റ്റേഷനിൽ വരുമ്പോൾ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.ഇതിനെല്ലാമുള്ള പരിഹാരമായാണ് എഐ കോപ്പിറൈറ്റർ കണ്ടുപിടിച്ചിരിക്കുന്നത്. പരാതിക്കാർ അവരുടെ മാതൃഭാഷയിൽ നൽകുന്ന പരാതികൾ പൊലീസിന് ഈ ആപ്പ് വഴി തൽക്ഷണം രേഖപ്പെടുത്താനും അവർക്കിഷ്‌ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നഗരത്തിലെ 80 ലധികം പൊലീസ് സ്‌റ്റേഷനുകളിൽ ഈ ആപ്പ് ഇതിനകം ലഭ്യമായി കഴിഞ്ഞു. തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി തുടങ്ങി പത്തിലധികം ഇന്ത്യൻ ഭാഷകൾ ഈ ആപ്പിന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.ആദ്യ കാലങ്ങളിൽ മണിക്കൂറുകൾ എടുത്താണ് ഒരു പരാതി രജിസ്‌റ്റർ ചെയ്‌തിരുന്നത്. എന്നാൽ എഐ കോപ്പിറൈറ്ററിൻ്റെ സഹായത്തോടെ ഇപ്പോൾ പരാതി രജിസ്‌റ്റർ ചെയ്യാൻ വെറും നിമിഷങ്ങൾ മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഓരോ അഞ്ച് സെക്കൻ്റിലും ആപ്പ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും.
പരാതി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥൻ്റെ വിശദാംശങ്ങൾ, സമയം മുതലായവ പിഡിഎഫ് ഫോർമാറ്റിൽ സ്വയമേ സേവ് ചെയ്യുന്നു. ഇത് രേഖകളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത തടയുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിക്കാർ പറയുന്ന ഓരോ വാക്കും റെക്കോർഡ് ചെയ്യുന്നത് അന്വേഷണത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുകയും പ്രതികളെ ശിക്ഷിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു."ഈ സാങ്കേതികവിദ്യ പൊലീസ് സേവനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവർക്കാണ് ഈ ആപ്പ് കൊണ്ട് കൂടുതൽ ഗുണം. സ്‌മാർട്ട് പൊലീസിങ്ങിലൂടെ ജനങ്ങൾക്ക് മികച്ചതും വേഗതയേറിയതുമായ സേവനങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം", വി സി സജ്ജനാർ പറഞ്ഞു.