അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത് പുരുഷാവകാശ പ്രവർത്തക

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത് പുരുഷാവകാശ പ്രവർത്തക

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ഇന്നലെ  ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുകിനെ ഡൽഹി പോലീസ് ജന്തർ മന്തറിൽ നിന്ന് തന്ത്രപൂർവ്വം നീക്കിയതിനെതിരെ ദിപ്കെ പ്രസംഗിക്കുന്നതിനിടയിലാണ് കാണികൾക്കിടയിൽ നിന്ന് വേദിക്ക് സമീപത്തേക്ക് നീങ്ങിയ സ്ത്രീ അദ്ദേഹത്തിന് നേരെ മഷി ഒഴിച്ചത്.സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ബാർഖ ത്രേഹാൻ ആണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിജെപി പ്രവർത്തകർ ഇവരെ തടയുകയും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സിജെപി പ്രവർത്തകർ തന്നെ മർദ്ദിച്ചതായി ബാർഖ ആരോപിച്ചു. തന്റെ എക്സ് ഹാൻഡിലിലൂടെ സിജെപിയെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ബാർഖ ത്രേഹാൻ.

മുൻപ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗറിനെ പിന്തുണച്ച് തന്റെ എൻജിഒ ആയ ‘പുരുഷ ആയോഗിന്റെ’ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേരത്തെ ജയ്പൂരിൽ നടന്ന പ്രതിഷേധത്തിനിടയിലും തനിക്ക് നേരെ സമാനമായ രീതിയിൽ കൈയേറ്റ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ കണ്ട് താൻ പിന്നോട്ട് പോകില്ലെന്നും അഭിജീത് ദിപ്കെ പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ തനിക്ക് നേരെ വീണ മഷിയുടെ നിറത്തെ പരാമർശിച്ച് “നീല എന്റെ നിറമാണ്” എന്ന് ദിപ്കെ എക്സിൽ കുറിച്ചു.