സി വി ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന പ്രചാരണം; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

സി വി ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന  പ്രചാരണം; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, രാഷ്ട്രീയപോര് അവസാനിക്കാതെ  അടൂർ മണ്ഡലം.  തനിക്കെതിരെ വ്യാജ ലഘുലേഖകൾ വിതരണം ചെയ്ത് വ്യക്തിഹത്യ നടത്താൻ സിപിഎം ശ്രമിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാർ ആരോപിച്ചു . മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച്‌ ശാന്തകുമാർ പറഞ്ഞത്. താനൊരു കൊലക്കേസ് പ്രതിയാണെന്ന തരത്തിൽ മണ്ഡലത്തിൽ വ്യാപകമായി നോട്ടീസുകൾ വിതരണം ചെയ്യുന്നത് തന്നെ മാനസികമായി തകർക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ പേരിൽ ഒരിടത്തും ക്രിമിനൽ കേസുകളില്ലെന്നും ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്നും ശാന്തകുമാർ വ്യക്തമാക്കി. "ഞാൻ ഒരു കൊലക്കേസിലും പ്രതിയല്ല. എൻ്റെ പേരിൽ ഒരു എഫ്‌ഐആർ പോലുമില്ല. ഉണ്ടെന്ന് തെളിയിച്ചാൽ ഈ നിമിഷം ഞാൻ സ്ഥാനാർഥിത്വം പിൻവലിക്കാം. നോട്ടീസ് അടിച്ചിറക്കിയവർ പറയട്ടെ ഞാൻ ആരെയാണ് കൊന്നതെന്ന്. പരാജയഭീതി പൂണ്ട എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ്റെ അറിവോടെയാണ് ഈ ഗൂഢാലോചന നടക്കുന്നത്." - സി വി ശാന്തകുമാർ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് ആണ് ഭരിക്കുന്നത് എന്നിരിക്കെ, താൻ കേസ് തേച്ചുമാച്ചുകളഞ്ഞു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന തന്നെയും തൻ്റെ കുടുംബത്തെയും അപമാനിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു,.പട്ടികജാതിക്കാരനായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നതെന്ന് ശാന്തകുമാർ ആരോപിച്ചു. തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായ തൻ്റെ പശ്ചാത്തലം കലക്ടർ അന്വേഷിച്ചു ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷനിലും നീതിന്യായ വ്യവസ്ഥയിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും വ്യാജ നോട്ടീസ് ഇറക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്‌ പ്രവർത്തകരും റംഗത്തെത്തി. എന്നാൽ ശാന്തകുമാർ നടത്തിയ ആരോപണം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ നിഷേധിച്ചിട്ടുണ്ട്.

അതേസമയം നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് അടൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണനെതിരെ കേസെടുക്കാന്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പൊലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു.പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നതുവരെയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണത്തിൻ്റേതാണ്. ഈ സമയം മാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളിലും സ്ഥാനാര്‍ഥികള്‍ ഇടപെടാന്‍ പാടുള്ളതല്ല. ഇത് ലംഘിച്ചാണ് പ്രിജി കണ്ണൻ മാധ്യമങ്ങളോട് സംസാരിച്ചത്.

നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചതിനും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും അടൂർ യുഡിഎഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാറിനെതിരെ കേസെടുക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയ കലക്ടർ എസ് പ്രേം കൃഷ്ണൻ നേരത്തെ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.

ലഘുലേഖ; രണ്ട് സിപിഐ പ്രവർത്തകർ പിടിയില്‍

അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് സിപിഐ പ്രവർത്തകർ പിടിയില്‍. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിറ്റിങ് എംഎല്‍എയും സിപിഐ നേതാവുമായ ചിറ്റയം ഗോപകുമാർ പൊലീസ് സ്റ്റേഷനില്‍ എത്തുകയും സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർഥിയായ ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞുള്ള വ്യാജ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്.പറക്കോട്, മണ്ണടി ഭാഗങ്ങളില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്നതു വിവരം.

കള്ളവോട്ടിന് നീക്കമെന്ന് കെ സുരേന്ദ്രൻ

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ. നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചു.മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി, വോർക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നത്.മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ ഭരണകൂടം ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണം. നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.