IPL 2026- ആവേശപ്പോരാട്ടത്തിൻ്റെ നാളുകൾക്ക് തുടക്കം : ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു

IPL 2026- ആവേശപ്പോരാട്ടത്തിൻ്റെ നാളുകൾക്ക് തുടക്കം : ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL -2026) ടൂർണമെന്റിന് ആവേശകരമായ തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു. ഇതോടെ ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും.

ഇന്നത്തെ മത്സരത്തിൽ ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും മൈതാനത്ത് ഇറങ്ങുക. കഴിഞ്ഞ വർഷം ടീമിന്റെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിച്ചിരുന്നു. ആ സംഭവത്തിൽ ജീവൻ നഷ്ടമായ ആരാധകരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് ആർസിബി താരങ്ങൾ കറുത്ത ആംബാൻഡ് ധരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി താരങ്ങൾ വാം അപ്പ് നടത്തുന്ന സമയത്ത് ‘11’ എന്ന നമ്പർ പതിച്ച ജേഴ്സി ധരിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായി ഇത്തവണ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി.

ടീം സ്‌ക്വഡ് 

സൺറൈസേഴ്സ് ഹൈദരാബാദ് : അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പ‍ർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ

റോയൽ ചലഞ്ചേഴ്സ് : വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പ‍ർ), റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ

ഐപിഎൽ വിലക്ക്  പിൻവലിച്ച്‌  ബംഗ്ലാദേശ് സര്‍ക്കാര്‍

ഐപിഎൽ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതായി ബംഗ്ലാദേശ് സര്‍ക്കാര്‍. കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. വാണിജ്യപരമായ കാഴ്ചപ്പാടാണ് വിഷയത്തിൽ സർക്കാരിനുള്ളത് എന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും എന്ന കാര്യം ഉറപ്പായി.'ഐപിഎല്‍ സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും സർക്കാരിനെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാകും ഈ വിഷയത്തിൽ സർക്കാർ നിലപാട് സ്വീകരിക്കുക. ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അനുകൂലമായി തന്നെ പരിഗണിക്കും' സാഹിര്‍ പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് അടക്കമുള്ള അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് നെറ്റ് വർക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുക എന്നതാണ് സർക്കാർ നയം. എന്നാൽ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് മറ്റ് ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ, ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ് രംഗത്ത് എത്തിയത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് ബംഗ്ലാദേശ് തീരുമാനത്തിൽ അയവ് വരുത്തിയത് എന്നാണ് റിപ്പോർട്ട്.