ആന്ധ്രയിൽ കുടുങ്ങിയ ഇറാനിയൻ സഹോദരിമാർ സഹായം തേടുന്നു

ആന്ധ്രയിൽ കുടുങ്ങിയ ഇറാനിയൻ സഹോദരിമാർ സഹായം തേടുന്നു

വിശാഖപട്ടണം : പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ കുടുംബങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെട്ട് ഇന്ത്യയില്‍ പഠിക്കുന്ന രണ്ട് ഇറാനിയൻ സഹോദരിമാർ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പഠിക്കുന്ന ജിനാബ് മുഹമ്മദി സോൾമാസ് മുഹമ്മദി എന്നിവരാണ് കടുത്ത അനിശ്ചിതത്വത്തിലായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അടക്കം ഇവരെ വലയ്‌ക്കുന്നുണ്ട്.നല്ല വിദ്യാഭ്യാസത്തിനും മികച്ച ഭാവിയ്‌ക്കും വേണ്ടിയാണ് ജിനാബ് മുഹമ്മദിയും സോൾമാസ് മുഹമ്മദിയും ഇന്ത്യയിലെത്തിയത്. പിഎം പാലെമിൽ താമസിക്കുന്ന ഈ സഹോദരിമാർ ബി.ഫാർമ ബിരുദ വിദ്യാർഥികളാണ്. ഇവരുടെ കുട്ടികളും കൂടെയുണ്ട്.

ജിനാബിന് ഒരു മകനും മകളുമുണ്ട്, അതേസമയം സോൾമാസിന് ഒരു ആൺകുട്ടി ആണുള്ളത്. പഠനം പൂർത്തിയാകാറായതോടെ ഇരുവരും ഇറാനിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നാലെ ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷം ഇവരെ വലിയ ദുരിതത്തിലാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് വരെ കുടുംബവുമായി സഹോദരിമാർ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാതെ ഭത്തിലും നിസഹായതയിലുമാണ് ഇവർ.ജിനാബിന്‍റെ ഭർത്താവ് ഇറാനിയൻ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കുകയയാണ്. എന്നാല്‍ സോൾമാസിന്‍റെ കുടുംബം ബിസിനസുകാരാണ്. “അവർ സുരക്ഷിതരാണോ... ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല,” ജിനാബ് പറഞ്ഞു.

കൈവശമുള്ള പണം തീർന്നതോടെ അതിജീവിക്കാൻ പാടുപെടുകയാണിവർ. കഴിഞ്ഞ രണ്ട് മാസമായി വീട്ടുവാടക നൽകാൻ അവർക്ക് സാധിച്ചിട്ടില്ല. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും ഇവർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കടുത്ത നിരാശയിലും ആശങ്കയിലുമാണ് തങ്ങളെന്ന് സഹോദരിമാർ പ്രതികരിച്ചു. “ഡൽഹിയിലെ ഇറാനിയൻ എംബസിയിൽ നിന്ന് സഹായം തേടാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഇതുവരെ കാര്യമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല,” സോൾമാസ് പറഞ്ഞു.ദുരിതപൂർണമായ സാഹചര്യത്തിൽ, സഹോദരിമാർ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും അടിയന്തര സാമ്പത്തിക, മാനുഷിക സഹായം ആവശ്യപ്പെട്ട് ജില്ലാ റവന്യൂ ഓഫിസർ എം. വിശ്വേശ്വര നായിഡുവിനെ സമീപിക്കുകയും ചെയ്‌തു. സഹോദരിമാർക്ക് ഉദ്യോഗസ്ഥൻ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്.

“ജില്ലാ കലക്‌ടർ വഴി അവരുടെ സാഹചര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തും. പിന്തുണ നൽകണമെന്ന് അഭ്യർഥിച്ച് അവരുടെ വീട്ടുടമസ്ഥനുമായി ഞങ്ങൾ സംസാരിച്ചു. അവരെ സഹായിക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും,” വിശ്വേശ്വര നായിഡു പറഞ്ഞു. ആവശ്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഹോദരിമാർ. കുടുംബത്തില്‍ നിന്ന് ഒരു ഫോണ്‍ കോളോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രതികരണമോ ലഭിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.