ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ ; ലിറ്റാനി നദി തീരത്ത് രൂക്ഷ പോരാട്ടം

ലെബനനിൽ  ആക്രമണം ശക്തമാക്കി ഇസ്രായേൽ ; ലിറ്റാനി നദി തീരത്ത് രൂക്ഷ പോരാട്ടം

ബെയ്റൂത്: വെടിനിർത്തൽ കരാറുകൾ കാറ്റിൽപ്പറത്തി ലബനനിൽ അധിനിവേശം വ്യാപിപ്പിച്ച് ഇസ്രയേൽ സൈന്യം. തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ ലിറ്റാനി നദീതീരത്ത് ഇസ്രായേൽ സൈന്യവും ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ചൊവ്വാഴ്‌ചയും കടുത്ത ഏറ്റുമുട്ടൽ തുടർന്നു. ദിവസങ്ങൾക്കകം അമേരിക്കയില്‍ വച്ച് ലെബനൻ-ഇസ്രയേൽ പ്രതിനിധികൾ തമ്മിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ്, ഇസ്രയേൽ സൈന്യം വടക്കൻ മേഖലകളിലേക്ക് അതിവേഗം മുന്നേറുന്നത്.അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇപ്പോൾ വെറും പേരിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ ഒരു സമാധാന കരാറിനാണ് ഇറാൻ ശ്രമിക്കുന്നത്. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും ലിറ്റാനി നദിക്ക് തെക്കുള്ള വൻ പ്രദേശങ്ങൾ ഇപ്പോഴും ഇസ്രയേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം ലെബനനിലെ സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. സമീപ ആഴ്‌ചകളിലെ തന്നെ ഏറ്റവും കഠിനമായ ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുകയാണെന്ന് നെതന്യാഹു

ലെബനനിലെ തങ്ങളുടെ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വ്യോമാക്രമണങ്ങൾ ഉണ്ടായത്. ഇസ്രയേൽ പ്രതിരോധ സേന ശക്തമായ സൈനിക ശക്തിയോടെ പ്രവർത്തിച്ച് തന്ത്രപ്രധാന മേഖലകൾ കൈവശപ്പെടുത്തുന്നതിനുള്ള നീക്കമാണ് നടത്തുന്നത്. വടക്കൻ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ ഹിസ്ബുള്ളയുടെ റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ തെക്കൻ ലെബനനിൽ ഒരു സുരക്ഷാ മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലെബനനിലേക്ക് കൂടുതൽ സൈനിക വിഭാഗത്തെ അയച്ചതായി, സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ താത്‌പര്യമില്ലാത്ത ഒരു ഇസ്രയേൽ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇസ്രയേൽ സൈന്യം, തെക്കൻ ലെബനനിലും കിഴക്കൻ താഴ്വരയിലും ഹിസ്ബുള്ളയുടെ 100-ലധികം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി വ്യക്തമാക്കി. ആയുധശേഖരണ കേന്ദ്രങ്ങൾ, കമാൻഡ് സെൻ്ററുകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടത്. കിഴക്കൻ ലെബനനിലെ മാഷ്‌ഘാര ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നിരവധിപേരടക്കം 12 ഓളം പേർ കൊല്ലപ്പെട്ടതായി ലെബനൻ്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ലിറ്റാനി നദിക്ക് വടക്കായി സ്ഥിതിചെയ്യുന്ന നബതിയേ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച നഗരവാസികളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പും നൽകിയിരുന്നു. അതേസമയം, ഹിസ്ബുള്ള ലിറ്റാനി നദിക്കരയിൽ ഇസ്രയേൽ സൈന്യത്തിനെതിരെ റോക്കറ്റ്, ആർട്ടില്ലറി, സ്ഫോടക ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അറിയിച്ചു. നദിക്കരയിൽ നടന്ന ആക്രമണങ്ങൾ തങ്ങൾ തടഞ്ഞുവെന്നാണ് ഹിസ്ബുള്ളയുടെ അൽ-മനാർ ടെലിവിഷൻ റിപ്പോർട്ട്. കിഴക്കൻ ലെബനനിലെ ഖറൗൺ അണക്കെട്ടിനടുത്തും ഇസ്രയേൽ ആക്രമണം നടന്നു. എന്നാൽ അണക്കെട്ടിന് നേരിട്ട് കേടുപാടുകളില്ലെന്ന് റിവർ അതോറിറ്റി അറിയിച്ചു.

വെടിനിർത്തൽ ആരംഭിച്ചതിനു ശേഷം തലസ്ഥാനമായ ബെയ്‌റൂട്ട് ആക്രമണങ്ങളിൽ നിന്ന് ഒഴിവായിരുന്നു. എന്നാൽ പുതിയ നീക്കങ്ങൾ ജനങ്ങളിൽ ഭീതിയുണ്ടാക്കി. പരിഷ്‌കാരവും ആയുധസംഘടനകളുടെ നിരായുധീകരണവും ലക്ഷ്യമിട്ട് അധികാരത്തിലെത്തിയ ലെബനൻ സർക്കാർ, ഇസ്രയേലുമായി നടക്കുന്ന നേരിട്ടുള്ള ചർച്ചകൾ വെടിനിർത്തലിനും സൈനിക പിന്മാറ്റത്തിനും വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ ഹിസ്ബുള്ള ഇതിനെ എതിർക്കുന്നു. അതേസമയം, ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിക്കുകയും സൈന്യം പിന്മാറുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ള അറിയിച്ചു. പുതിയ ഫൈബർ ഒപ്റ്റിക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതായും ഹിസ്ബുള്ള അവകാശപ്പെട്ടു. ഇവ തടയാൻ ഇസ്രയേൽ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ജാഗ്രത മുന്നറിയിപ്പ് നൽകി ഇസ്രയേൽ

ജനങ്ങൾ വലിയ കൂട്ടമായി ഒത്തുകൂടരുതെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇപ്പോൾ നമ്മൾ ആക്രമണം ശക്തിപ്പെടുത്തേണ്ട സമയമാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. മാർച്ച് 2-ന് ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് സംഘർഷം വീണ്ടും ശക്തമായത്.ഈ യുദ്ധത്തിൽ ലെബനനിൽ ഒരു ദശലക്ഷത്തിലധികം പേർ കുടിയൊഴിഞ്ഞു. ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 3,213 പേർ കൊല്ലപ്പെടുകയും 9,700-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇസ്രയേലിൽ 23 സൈനികരും ഒരു പ്രതിരോധാംഗവും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കൻ ഇസ്രയേലിൽ രണ്ട് പൗരന്മാരും മരിച്ചതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹമാസ് സൈനിക വിഭാഗത്തിൻ്റെ പുതിയ തലവനും ഒക്ടോബർ 7ലെ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിൽ ഒരാളുമായ മുഹമ്മദ് ഒദെയെ  ഇസ്രയേൽ സൈന്യം  വധിച്ചിരുന്നു.ഗസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിൻ്റെയും നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള ശക്തമായ സൈനിക നടപടി.2025 ഒക്ടോബർ 7ലെ ഇസ്രയേൽ ആക്രമണ സമയത്ത് ഹമാസിൻ്റെ ഇൻ്റലിജൻസ് വിഭാഗം മേധാവിയായിരുന്നു മുഹമ്മദ് ഒദെ. 2 ആഴ്ച മുൻപ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട എസ്സെദ്ദീൻ അൽ ഹദ്ദാദിന് പകരക്കാരനായി ഒരാഴ്ച മുൻപാണ് ഒദെ ഹമാസ് സൈനിക വിഭാഗത്തിൻ്റെ തലപ്പത്ത് എത്തിയത്. ഇസ്രയേൽ പൗരന്മാരെയും സൈനികരെയും തട്ടിക്കൊണ്ടുപോയതിനും കൊലപ്പെടുത്തിയതിനും പിന്നിൽ ഇയാളാണെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.