പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി; പകരം സ്‌നേഹഭവനം

പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി; പകരം സ്‌നേഹഭവനം

എറണാകുളം : ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിൽ  വെടിക്കെട്ട് ഉപേക്ഷിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചത്താലത്തിലാണ് തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷത്തിൻ്റെ  ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചത്.

ആഘോഷങ്ങള്‍ ലളിതമാക്കി, പരിശുദ്ധ ബാവാ തിരുമേനി ആഹ്വാനം ചെയ്ത പ്രകാരം സ്‌നേഹ ചലഞ്ചിലൂടെ, വെടിക്കെട്ടിന് പകരം ഒരു 'സ്‌നേഹഭവനം' നിര്‍മിച്ച് നല്‍കാന്‍ ഇടവക മാനേജിങ് കമ്മിറ്റിയും പെരുന്നാള്‍ കമ്മിറ്റിയും തീരുമാനിച്ചതായും ഇടവക അധികൃതര്‍ അറിയിച്ചു. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍.നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നീ പള്ളികളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കടമറ്റം പള്ളിയും മാതൃകാപരമായ തീരുമാനമെടുത്തിരിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ 17 പേരാണ് മരിച്ചത്.