"ഡൽഹിയിൽ കർണാടക മുഖ്യമന്ത്രി മാറ്റ ചർച്ച ": വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സുപ്രധാന യോഗത്തിന് ശേഷമാണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പും മാത്രമാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.കര്‍ണാടകയിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം തന്നെ പ്രഖ്യാപിക്കുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും, തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം ആറ് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയാണ് കര്‍ണാടക നേതൃത്വവുമായി കേന്ദ്ര നേതാക്കള്‍ നടത്തിയത്. മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള യാതൊരു ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പിന്നീട് വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ഈ കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ വീക്ഷിച്ചത്. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാറിന്‍റെ അനുയായികള്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിദ്ധരാമയ്യക്കും ശിവകുമാറിനും ഇടയില്‍ ഭരണം പങ്കുവെക്കാനുള്ള ഫോര്‍മുല ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയിരുന്നു എന്നാണ് ശിവകുമാര്‍ അനുകൂലികള്‍ അവകാശപ്പെടുന്നത്. കര്‍ണാടകയിലെ ചില ഭരണവിരുദ്ധ വികാരങ്ങളും ബിജെപി ക്യാമ്പിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളും കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തേക്കുമെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. നേതൃമാറ്റത്തിന് പ്രിയങ്ക ഗാന്ധിയുടെ പിന്തുണയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.