പ്രധാനമന്ത്രിയുമായുള്ള കേരള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്, സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അറിയിക്കും

തിരുവനന്തപുരം: കേരളത്തിൻ്റെ വികസന ആവശ്യങ്ങളും കേന്ദ്രപദ്ധതികളുടെ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും കാണുന്നുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വികസന ഫണ്ടുകളുടെ കാര്യവുമാകും പ്രധാന ചർച്ച.രാവിലെ 11.15ന് സേവാ തീർഥിൽ വച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. തുടർന്ന് ഉച്ചയ്ക്ക് 2.30ന് കർത്തവ്യ ഭവനിൽ വച്ച് ധനമന്ത്രിയെയും സന്ദർശിക്കും. സംസ്ഥാനത്തിന് അടിയന്തരമായി നൽകേണ്ട സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. കടമെടുപ്പ് പരിധിയിലെ വെട്ടിച്ചുരുക്കലുകൾ സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കാര്യം രേഖാമൂലം കേന്ദ്രത്തെ അറിയിക്കും. ഇതിന് പുറമെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
വയനാട് പാക്കേജും വികസന പദ്ധതികളും
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അധിക സഹായം ഇനിയും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഈ തുക വേഗത്തിൽ ലഭ്യമാക്കുന്നതിന് ധനമന്ത്രിയുടെ ഇടപെടലും സംസ്ഥാനം തേടും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചയിൽ നിർണായക ചർച്ചകളുണ്ടാകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ തുടർ വികസനം, ദേശീയപാതാ വികസനം, തിരുവനന്തപുരം മെട്രോ, ശബരി റെയിൽവെ തുടങ്ങിയവയും സംസ്ഥാനം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.
സിബിഎസ്ഇ പ്ലസ്ടു ഫലപ്രഖ്യാപനത്തിലും പുനർമൂല്യനിർണയത്തിലും വ്യാപക ക്രമക്കേടുകൾ ഉയർന്ന സാഹചര്യത്തിൽ വി ഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.ഇതിന് പുറമെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്ന പരാതികളും മുഖ്യമന്ത്രി കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ പ്രവേശനം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് എൻടിഎയുടെ നിരുത്തരവാദപരമായ നടപടികളിലൂടെ ചോദ്യചിഹ്നമായത്. ഡൽഹി കേന്ദ്രീകരിച്ച് സിബിഎസ്ഇയുടെയും എൻടിഎയുടെയും പ്രത്യേക പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നും കുട്ടികളുടെ ആശങ്കയകറ്റാൻ കേന്ദ്ര മന്ത്രാലയം നേരിട്ട് ഇടപെടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.