IPL 2026 :ഫിൻ അലൻ്റെ സെഞ്ച്വറി മികവിൽ, കെകെആർ ഡൽഹി ക്യാപിറ്റൽസിനെ തകർത്തു

IPL 2026 :ഫിൻ അലൻ്റെ  സെഞ്ച്വറി മികവിൽ, കെകെആർ ഡൽഹി ക്യാപിറ്റൽസിനെ തകർത്തു

ന്യൂഡല്‍ഹി: ഐപിഎല്ലിൽ  നാലാം മത്സരവും  ജയിച്ചു കയറി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവര്‍ 8 വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. കെകെആര്‍ വെറും 14.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 147 റണ്‍സ് അടിച്ചെടുത്തു.സീസണില്‍ ആദ്യമായി ന്യൂസിലന്‍ഡ് ബാറ്റര്‍ ഫിന്‍ അല്ലന്‍ തന്റെ സ്വതസിദ്ധ ഫോമിലേക്ക് മടങ്ങിയെത്തിയതും മത്സരത്തില്‍ കെകെആറിനു ബോണസായി. താരം 47 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം 100 റണ്‍സ് വാരി. ഫോം ഔട്ടിനെ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ നിന്നു സ്ഥാനം നഷ്ടമായി തിരിച്ചെത്തിയാണ് താരത്തിന്റെ വിജയ ഇന്നിങ്‌സ്. അല്ലന്‍ പുറത്താകാതെ നിന്നു. 27 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു കാമറോണ്‍ ഗ്രീനും കെകെആര്‍ വിജയത്തില്‍ നിര്‍ണായക കരുത്തായി.ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 9 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സെടുത്തു മടങ്ങി. അംഗ്കൃഷ് രഘുവംശിയാണ് പുറത്തായ മറ്റൊരു കെകെആര്‍ ബാറ്റര്‍. താരം 1 റണ്‍സ് മാത്രമാണ് നേടിയത്. 29 റണ്‍സില്‍ ആദ്യ വിക്കറ്റും 31 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായെങ്കിലും പിന്നീട് കൊല്‍ക്കത്തയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അല്ലന്‍- ഗ്രീന്‍ സഖ്യം 116 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു ടീമിനെ അനായാസം ജയത്തിലെത്തിച്ചു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മികച്ച തുടക്കം കിട്ടിയിട്ടും പൊടുന്നനെ തകരുന്ന കാഴ്ചയായിരുന്നു. 49ലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. എന്നാല്‍ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ അവര്‍ പ്രതിരോധത്തിലായി.

ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറിയുമായി തുടക്കം മിന്നിച്ചു. താരം 29 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 50 റണ്‍സെടുത്തു. സഹ ഓപ്പണര്‍ കെഎല്‍ രാഹുല്‍ 14 പന്തില്‍ 23 റണ്‍സ് കണ്ടെത്തി ആദ്യം മടങ്ങി. പിന്നാലെയാണ് ഡല്‍ഹി തകര്‍ന്നത്.

പിന്നീട് വന്നവര്‍ നിരനിരയായി കൂടാരം കയറിയതോടെ ഡല്‍ഹി അതിവേഗം തകര്‍ന്നു. 49ല്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീടുള്ള 40 റണ്‍സിനിടെ 4 വിക്കറ്റുകള്‍ കൂടി ബലി കഴിക്കേണ്ടി വന്നു. ഏഴാമനായി എത്തിയ ഇംപാക്ട് പ്ലെയര്‍ അശുതോഷ് ശര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്‌കോര്‍ 140 കടത്തിയത്. താരം 28 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം അശുതോഷ് 39 റണ്‍സ് അടിച്ചെടുത്തു.

കൊല്‍ക്കത്ത ബൗളര്‍മാര്‍ ഡല്‍ഹി താരങ്ങളെ വരിഞ്ഞു മുറുക്കി. എവര്‍ഗ്രീന്‍ സുനില്‍ നരെയ്ന്‍ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. കാമറൂണ്‍ ഗ്രീന്‍, വൈഭവ് അറോറ എന്നിവരും ഒരു വിക്കറ്റ് സ്വന്തമാക്കി.