കൊട്ടിയൂർ വൈശാഖ മഹോത്സവം : നെയ്യാട്ടം മെയ് 28ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം : നെയ്യാട്ടം മെയ്  28ന്

കണ്ണൂർ : ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് അക്കരെ കൊട്ടിയൂരിൽ നടക്കുന്ന ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് നടന്നു . മേയ് 28ന് നടക്കുന്ന നെയ്യാട്ടത്തിന് നെയ്ക്കുടങ്ങൾ എത്തിക്കാൻ വ്രതം നോൽക്കുന്ന നെയ്യമൃത് വ്രതക്കാർ  കലശം കുളിച്ച് വിവിധ മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു .

ഉത്സവത്തോടനുബന്ധിച്ച് കൊട്ടിയൂർ മന്ദംചേരിയിൽ ബാവലിപ്പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പണികൾ അവസാനഘട്ടത്തിലാണ്. നെയ്യാട്ടവും മുതിരേരി വാൾ എഴുന്നള്ളത്തും നടക്കുന്ന മേയ് 28ന് തന്നെ പാലത്തിന്റെ ഉദ്ഘാടനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. 2.5 കോടി രൂപ ചെലവിൽ 60 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലുമാണ് ഈ പാലം നിർമ്മിക്കുന്നത്. പഴയ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെത്തുടർന്നാണ് പുതിയത് പണിയാൻ തീരുമാനിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലും കയറുന്നതിനായി കോൺക്രീറ്റ് പടവുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് സമീപത്തെ ശൗചാലയ സമുച്ചയത്തിന്റെ നിർമ്മാണവും പൂർത്തിയായി വരുന്നു.ഇതോടൊപ്പം മന്ദംചേരിയിൽ ബാവലിപ്പുഴയിൽ നിന്നും അക്കരെ സന്നിധിയിലെ തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കാൻ തയ്യാറാക്കുന്ന ബാവലിക്കെട്ടിന്റെ നിർമ്മാണവും ഏതാണ്ട് അവസാനിച്ചു. കനത്ത ചൂടും വരൾച്ചയും കാരണം പുഴയിൽ നിലവിൽ നീരൊഴുക്ക് വളരെ കുറവാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല. എങ്കിലും ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന പ്രവചനമുള്ളതിനാൽ ഉത്സവത്തിന് മുന്നോടിയായി മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തരും അധികൃതരും.