"ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തില്ല " : എം വി ഗോവിന്ദന്‍

"ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തില്ല  " : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധവികാരമുണ്ടായില്ലെന്നാവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫിൻ്റെ അടിത്തറ ഇപ്പോഴും ഭദ്രമാണെന്നും 2026 ല്‍ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് ഭരണം തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടേ ഇല്ല. അങ്ങനെയെങ്കില്‍ ബിജെപിക്ക് മെച്ചപ്പെട്ട വിജയം ഉണ്ടാകേണ്ടതായിരുന്നു. ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിച്ചോ എന്ന കാര്യം പരിശോധിച്ച ശേഷം പറയാം. അതുണ്ടായിട്ടില്ല. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി പൊതു ഇടപെടല്‍ നടത്തി.ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍ നിന്നകന്നു എന്ന പ്രാചരണം അടിസ്ഥാന രഹിതമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അത്തരത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫിന് 10 ലക്ഷം വോട്ടു ലഭിക്കുമായിരുന്നോ. ന്യൂനപക്ഷവും ഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. അതല്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ മെച്ചപ്പെട്ട വിജയം നേടാന്‍ കഴിയുമായിരുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചു എന്നതു ശരിയാണെങ്കിലും ബിജെപി അവകാശപ്പെടുന്നതു പോലെ അവര്‍ക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.

14 ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോട് ജില്ലയില്‍ ഒരു സീറ്റു ലഭിച്ചതൊഴിച്ചാല്‍ അവര്‍ക്ക് മറ്റ് ജില്ലാ പഞ്ചായത്തുകളില്‍ ഒരു സീറ്റു നേടാന്‍ പോലുമായിട്ടില്ല. അവര്‍ക്ക് മുന്‍പുണ്ടായിരുന്ന ഗ്രാമപഞ്ചായത്തുകള്‍ പലതും നഷ്ടപ്പെട്ടു. അയ്യപ്പൻ്റെ സ്വന്തം സ്ഥലമായ പന്തളത്ത് അവര്‍ക്കുണ്ടായിരുന്ന മുനിസിപ്പാലിറ്റിയുടെ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് കേവല ഭൂരിപക്ഷമുണ്ടാക്കാനായില്ല. ക്ഷേത്ര നഗരങ്ങള്‍ പിടിക്കുമെന്ന അവരുടെ അവകാശവാദം നടപ്പായില്ല. കൊടുങ്ങല്ലൂര്‍, തൃശൂര്‍, ഗുരുവായൂര്‍ നഗരസഭകളിലൊന്നും അവര്‍ക്ക് വിജയിക്കാനായില്ല.

തിരുവനന്തപുരത്ത് ബിജെപി വിജയിച്ച 40 വാര്‍ഡുകളില്‍ യുഡിഎഫിന് ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ചില വാര്‍ഡുകളില്‍ ചെറിയ വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും പൊതു ഇടപെടല്‍ നടത്തിയെന്ന് ഇതില്‍ നി്ന്നു വ്യക്തമാണ്. കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ല. തത്കാലം സര്‍ക്കാര്‍ ഒന്നിലും മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ല. പരിശോധനകള്‍ നടത്തിയ ശേഷം മാറ്റം വരുത്തേണ്ട കാര്യങ്ങളില്‍ മാറ്റം വരുത്തും. സംഘടനാപരമായ വീഴ്ചകള്‍ ഉള്‍പ്പെടെ പരിശോധിക്കും. താഴെ തട്ടു മുതല്‍ ഇക്കാര്യം പരിശോധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയേറ്റും ചേര്‍ന്ന് അവ വിശദമായി വിലയിരുത്തി പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തും. സംഘടനാപരമായ വീഴ്ചകള്‍ വരെ പരിശോധിക്കും. ഈ പരിശോധനയിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിച്ച് മൂന്നാം സര്‍ക്കാര്‍ എല്‍ഡിഎഫ് രൂപീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

2026ല്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന വിഡി സതീശൻ്റെ അഭിപ്രായത്തെക്കുറിച്ചു ചോദിച്ചപ്പേള്‍ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ സതീശന്‍ വനവാസത്തിനു പോകേണ്ടി വരുമെന്നായിരുന്നു മറുപടി. എന്നാല്‍ പരാജയപ്പെട്ടാല്‍ എംവി ഗോവിന്ദന്‍ വനവാസത്തിനു പോകുമോ എന്ന ചോദ്യത്തിന് ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് പരാജയം എന്നത് അവസാന പരാജയമല്ലെന്നും വിജയം എന്നത് അവസാന വിജയമല്ലെന്നുമായിരുന്നു മറുപടി. താന്‍ രാഷ്ട്രീയ വനവാസത്തിനുമില്ല, അധികാരം സ്വപ്നം കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ആളല്ല താനെന്നുമായിരുന്നു മറുപടി. തദ്ദേശ ഭരണം പിടിക്കാന്‍ കുതിരക്കച്ചവടത്തിന് സിപിഎം ഇല്ല. യുഡിഎഫുമായോ ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നോ ഭരണത്തിനില്ല. എല്‍ഡിഎഫിൻ്റെ നയം സ്വീകരിക്കാന്‍ തയ്യാറുള്ള പൊതു സ്വതന്ത്രരെ കൂട്ടി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അധികാരമുണ്ടാക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.