മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മിനിറ്റുകൾക്കകം പരസ്യ പ്രസ്‌താവനയുമായി നേതാക്കൾ

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മിനിറ്റുകൾക്കകം പരസ്യ പ്രസ്‌താവനയുമായി നേതാക്കൾ

 തിരുവനന്തപുരം:വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖനേതാക്കൾ. അഭിനന്ദിക്കാനും  സതീശൻ്റെ  ലീഡർഷിപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചും  ആശംസകൾ അർപ്പിച്ചും പ്രമുഖനേതാക്കളൊക്കെ മുന്നോട്ട് വന്നപ്പോൾ ഒരു വിഭാഗം കടുത്ത അമർഷവുമായാണ് ഈ പ്രഖ്യാപനത്തെ കണ്ടത്.തെരഞ്ഞെടുപ്പിലെ  വിജയത്തിന് ശേഷം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ  കടുത്ത പ്രതിഷേധവും ഭിന്നതയും നേരത്തെ  ഉടലെടുത്തിരുന്നു. പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വത്തിനും നീണ്ട ചർച്ചകൾക്കും വിരാമമിട്ട് ഇന്ന് ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ച്‌ മിനിറ്റുകൾക്കകം തന്നെ ഈ ഭിന്നത പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

പരിഹസിച്ച് കെ സുരേന്ദ്രൻ

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കമാൻഡിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. ഫേസ് ബുക്കിലൂടെ ഐയുഎംഎൽ കേരള സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീർ (പ്രസിഡൻ്റ്) പി മുജീബ് റഹ്മാൻ്റയെും ചിത്രം പങ്കുവച്ചാണ് കെ സുരേന്ദ്രൻ പരിഹസിച്ചത്. ഹൈക്കമാൻഡ് മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും വഴങ്ങിയെന്നാണ് ബിജെപി നേതാവ് പരോക്ഷമായി വിമര്‍ശിക്കുന്നത്.

രൂക്ഷവിമർശനവുമായി പി സി ജോർജ്

വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി പി സി ജോർജ്. ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താത്പ്പര്യങ്ങൾക്ക് കീഴിലാണ് എംഎൽഎമാരും എസ്എൻഡിപിയും എൻഎസ്എസും പ്രവർത്തിക്കുന്നതെന്ന് പി സി ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഈ തീരുമാനം അണികളുടെയോ ജനങ്ങളുടെയോ താത്പ്പര്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.

"ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ജന വികാരം മാനിച്ചാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരോട് കർണാടകയിലും, മധ്യ പ്രദേശിലും, രാജസ്ഥാനിലും ഒന്നും ഹൈ കമാൻഡ് ചെവി കൊടുക്കാത്ത ജന വികാരത്തിനു കേരളത്തിൽ മാത്രം ചെവി കൊടുത്തെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ." പിസിജോർജ്ജ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതൃപ്‌തി പ്രകടിപ്പിച്ച് പഴകുളം മധു

വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എഐസിസി തീരുമാനത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയും നിയുക്ത റാന്നി എം എൽ എയുമായ അഡ്വ പഴകുളം മധു. എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാട് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടാണ് പഴകുളം മധു മാധ്യമങ്ങളോട് സംസാരിച്ചത്. കെ സി വേണുഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടത്തി. യോഗ്യനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി.ചില കേന്ദ്രങ്ങളിൽ നിന്ന് കെ സി ക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി വേണുഗോപാലിനെ വെറുക്കപ്പെട്ടവനാക്കി. കെ സി വേണുഗോപാലിനെതിരായ ആക്രമണങ്ങൾ കേരളത്തിലെ കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതിൻ്റെ ഉറവിടം കണ്ടെത്തണം. ഈ കാര്യങ്ങളിലെല്ലാം പാര്‍ട്ടി അന്വേഷണം നടത്തണം. കെ സി വേണുഗോപാൽ കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ ആരാദ്യ പുരുഷൻ ആണ്. കെഎസ്‍യുവിൻ്റെയും യൂത്ത് കോൺ​ഗ്രസിൻ്റെയും പ്രസിഡൻ്റായും പ്രവർത്തിച്ചയാളാണ് വേണു​ഗോപാൽ. സംസ്ഥാന മന്ത്രിയായും പാർലമെൻ്റിൽ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് അനുഭവപരിചയമുള്ള നേതാവിനെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പഴകുളം മധു മാധ്യമങ്ങളോട് പറഞ്ഞു.

മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് സുകുമാരൻ നായർ

ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പുതിയ തീരുമാനം തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും കോൺഗ്രസ് നേതൃത്വം മുസ്ലിം ലീഗിന് പൂർണമായി കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുൻനിര നേതാവായ രമേശ് ചെന്നിത്തലയെ കോൺഗ്രസ് നേതൃത്വം തുടർച്ചയായി വളരെ ബോധപൂർവം അവഗണിക്കുകയാണ്. യാതൊരു അർഹതയുമില്ലാത്തവരെയാണ് പാർട്ടി ഉന്നത സ്ഥാനങ്ങളിൽ സുരക്ഷിതരാക്കുന്നത്.

വിജയത്തിൻ്റെ പ്രധാന ശില്പി കെ സി വേണുഗോപാലെന്ന് വെള്ളാപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൻ്റെ രാജശില്‍പ്പി കെ സി വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. 100 സീറ്റ് ഒരു രസത്തിന് വിഡി പറഞ്ഞതാണ്, വിഡി സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് പറഞ്ഞു.വിജയത്തിനായി ആത്മാര്‍ഥമായാണ് കെ സി വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസിൻ്റെ സംസ്‌കാരം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ അത് ആഹ്ളാദപൂർവ്വം   ആഘോഷിക്കുകയാണ്.ഭരണം എങ്ങനെ ഇരിക്കുമെന്ന് കാത്തിരുന്നു കാണാം. സമ്പത്തും ബുദ്ധിയും കെസി നൽകി. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ്റെ ഇടപെടൽ പ്രശംസനീയമാണ്. ഇടത് പക്ഷം ഭരണത്തിൽ വരണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. അത് പരസ്യമായിതന്നെ പറഞ്ഞു. കോൺഗ്രസിനുള്ളിലെ വഴക്ക് സംബന്ധിച്ച് പ്രതികരിക്കാൻ ആളല്ല, പുതിയ സർക്കാരിൽ ലീഗിന് പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും. സമ്മർദ ഗ്രൂപ്പായി ലീഗ് കാര്യങ്ങള്‍ നേടി എടുക്കുമെന്നും അദ്ദേഹം വിമർശിച്ചു.സർക്കാർ അഭിപ്രായ ഭിന്നത ഇല്ലാതെ എത്ര നാൾ പോകുമെന്ന് കണ്ടറിയാം. ചെന്നിത്തല അവഗണിക്കപ്പെടുകയാണ്. അർഹതപ്പെട്ട സ്ഥാനം പലപ്പോഴും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമാകുന്നു. അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന ആളുകൾ എവിടെയൊക്കെ ഇരിക്കുന്നു. മാന്യമായ പരിഗണന നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഎസ്എസിൻ്റെ അഭിപ്രായം അനവസരത്തിലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എല്ലാം കഴിഞ്ഞിട്ടാണോ അഭിപ്രായം പറയുന്നത്. ഇപ്പോൾ പറഞ്ഞത് അനുചിതമായിപോയി. എൻഎസ്എസ് പറയുന്ന എല്ലാകാര്യങ്ങളോടും യോജിക്കാനാവില്ല. എൻഎസ്എസിൻ്റെ പ്രതികരണം ചെന്നിത്തലയുടെ ഭാവി നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.