മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പ് : ജനവിധി നാളെ അറിയാം
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷനുകളിലെ 893 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 2,869 സീറ്റുകളിലേക്കുള്ള പോളിങ് രാവിലെ 7.30ന് ആരംഭിച്ച് വൈകുന്നേരം 5.30ന് അവസാനിച്ചു. 15,931 സ്ഥാനാർഥികളുടെ വിധി നിർണയിക്കാൻ ആകെ 3.48 കോടി വോട്ടർമാരാണുള്ളത്. മുംബൈയിൽ 227 സീറ്റുകളിലേക്കായി 1700 സ്ഥാനാർഥികളാണ് മത്സരിച്ചത് .മുംബൈ ഉള്പ്പെടെ 29 നഗരസഭകളിലേക്കുള്ള വോട്ടെടുപ്പാണ് കഴിഞ്ഞത്. 2022ൽ ഒബിസി സംവരണ തർക്കത്തെതുടർന്ന് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. കമീഷണർ ഭരണത്തിലായിരുന്ന നഗരസഭകളിൽ ഇന്ന് ജനം വിധിയെഴുതി. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് .ഏതാണ്ട് കാൽ നൂറ്റാണ്ടായി മുംബൈ നഗരസഭ കൈയാളുന്ന ഉദ്ധവ് താക്കറെ പക്ഷത്തിന് ഇത് ജീവൻ മരണ പോരാട്ടമാണ്. രാജ് താക്കറേയുടെ എംഎൻഎസും ശരദ് പവാർ പക്ഷമായ എൻസിപിയുമായി ചേർന്നാണ് ഉദ്ധവ് പക്ഷം മത്സരിക്കുന്നത്. കോണ്ഗ്രസ് തനിച്ചാണ്. ഏക്നാഥ് ഷിൻഡെ പക്ഷമായ ശിവസേനയും ബിജെപിയും സഖ്യത്തിലാണ്.രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപറേഷനായ മുംബൈയിൽ ഭരണം പിടിക്കുകയാണ് പാർട്ടികളുടെയും മുന്നണികളുടെയും ലക്ഷ്യം. ബിജെപി-ശിവസേന (ശിന്ദേ) സഖ്യത്തെ നേരിടാനായി 20 വർഷത്തെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങൾ ഒന്നിച്ചാണ് ഇത്തവണ മത്സരിക്കുന്നത്. നാളെ ഫലം അറിയാം.
74,400 കോടി രൂപയിലധികം വാർഷിക ബജറ്റുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ളാതെരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്.. ക്രമസമാധാന പാലനത്തിനായി മുംബൈയിലുടനീളം 25,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു . മുംബൈയിലെ ചെമ്പൂരിലെ വാർഡ് നമ്പർ 146-ൽ ആണ് വോട്ടെടുപ്പ് ആദ്യം അവസാനിച്ചത്.വോട്ടെടുപ്പിനോടനുബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ ഇന്ന് സ്വകാര്യ, പൊതുമേഖലാ ഓഫിസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
വൈകുന്നേരം 3.30 വരെയുള്ള പോളിങ് ശതമാനം
- ബിഎംസി- 41.08 %
- താനെ മുനിസിപ്പൽ കോർപ്പറേഷനിൽ 41%
- കോലാപ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ 50.85 %
- ഇചൽകരഞ്ചി മുനിസിപ്പൽ കോർപ്പറേഷനിൽ 46.3 %
- അമരാവതി മുനിസിപ്പൽ കോർപ്പറേഷനിൽ 40.62%
- നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ 45.48 %
- അഹല്യാനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ 48.49 %
വോട്ടെടുപ്പിനിടയിൽ നിരവധി ബൂത്തുകളിൽ ഇവിഎം മെഷീനുകളിലും വോട്ടർ പട്ടികയിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. താനെയിലെ 10-ാം വാർഡിലെ വോട്ടർമാർ ഇവിഎമ്മിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നില്ലെന്ന പ്രശ്നം ഉന്നയിച്ചു. താനെയിലെ 13-ാം വാർഡിലെ വോട്ടർ പട്ടികയിൽ വ്യാജ പേരുകളുണ്ടെന്നും പരാതികൾ ഉണ്ടായി. തന്നെയുമല്ല കോലാപ്പൂരിലെ ജരാഗ്നഗർ പ്രദേശത്ത് വോട്ടർ പട്ടികയിൽ നിന്ന് നിരവധി പേരുകൾ കാണാതായതിനാൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവച്ചു. പൂനെയിൽ പല പ്രദേശങ്ങളിലെയും വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് കാണാതായി.അതേസമയം നാഗ്പൂരിൽ വാർഡ് 31 ൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഓഫിസ് ബിജെപി പ്രവർത്തകർ ആക്രമിച്ചതായും അവിടെ തീപിടുത്തമുണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റൊരിടത്ത് ബിജെപി സ്ഥാനാർഥി ആക്രമണത്തിന് ഇരയായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മുംബൈ ഒഴികെയുള്ള മറ്റ് നഗര സ്ഥാപനങ്ങളിൽ ഒന്നിലധികം അംഗ വാർഡുകളുണ്ട്.
25 വർഷമായി (1997-2022) ശിവസേനയാണ് മുനിസിപ്പൽ സ്ഥാപനങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

