മധുരയിൽ ബോട്ട് പാലത്തിലേയ്‌ക്ക് ഇടിച്ച് കയറി വൻ അപകടം; പത്ത് പേർ മരിച്ചു

മധുരയിൽ ബോട്ട് പാലത്തിലേയ്‌ക്ക് ഇടിച്ച് കയറി വൻ അപകടം; പത്ത് പേർ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മധുരയിൽ ബോട്ട് പാലത്തിലേയ്‌ക്ക് ഇടിച്ച് കയറി പത്ത് പേർക്ക് ദാരുണാന്ത്യം. കേശി ഘട്ടിന് സമീപം യമുനാ നദിയിലെ അറ്റക്കുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന പോണ്ടൂർ പാലത്തിലേയ്‌ക്കാണ് ബോട്ട് ഇടിച്ച് കയറിയത്.  അപകടം നടക്കുമ്പോൾ 27 ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റുള്ളർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനോടകം നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം നിലവിൽ നിർണയിക്കാൻ സാധിക്കില്ല. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഇനിയും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാം. അറ്റക്കുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന പാലത്തിലേയ്‌ക്കാണ് ബോട്ട് ഇടിച്ച് കയറിയത് എന്ന് മധുര പൊലീസ് വ്യക്തമാക്കുന്നു.

ഏകദേശം ഇന്നലെ വൈകീട്ട് 3. 25 നാണ് ബോട്ടപകടം ഉണ്ടാകുന്നത്. 25 മുതൽ 27 ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ദൃക്‌സാക്ഷികൾ നൽകിയ വിവരമനുസരിച്ച് ബോട്ട് പാലത്തിലേയ്‌ക്ക് ഇടിച്ച് കയറുകയായിരുന്നു. പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അഗ്നിശമന സേന, മുങ്ങൽ വിദഗ്‌ധർ, ബോട്ടുകൾ, പൊലീസ് എന്നിവരെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. എൻഡിആർഫ്, എസ്‌ഡിആർഎഫ് സംഘങ്ങളും പുറപ്പെട്ടിട്ടുണ്ട്. അവർ ഉടൻ സ്ഥലത്തെത്തും. കാണാതായവർക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട് എന്ന് മധുര ഡിഐജി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ബോട്ടപകടം നടന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നേരേന്ദ്ര മോദി. ഉറ്റവരെ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. ഇവർക്കായി സാമ്പത്തിക സഹായങ്ങളും അനുവദിക്കും. ഭരണകൂടം ദുരിതത്തിൽപ്പെട്ടവർക്ക് സഹായങ്ങൾ ചെയ്‌ത് നൽകാനുള്ള ഏർപ്പാടുകൾ ചെയ്‌തിട്ടുണ്ട് എന്ന് നരേന്ദ്ര മോദി അറിയിച്ചു.അതേസമയം, ബോട്ടപകടത്തിൽപ്പെട്ട വാർത്ത ഹൃദയഭേദകമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ അവസരത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.