ബിഹാറില്‍ വൻ വാഹനാപകടം; 13 യാത്രക്കാർക്ക് ദാരുണാന്ത്യം, 30 ഓളം പേർക്ക് ഗുരുതര പരിക്ക്

ബിഹാറില്‍ വൻ വാഹനാപകടം; 13 യാത്രക്കാർക്ക് ദാരുണാന്ത്യം, 30 ഓളം പേർക്ക് ഗുരുതര പരിക്ക്

പട്‌ന: ബിഹാറിലെ കതിഹാറിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക് ഗുരുതര പരിക്ക്. ശനിയാഴ്‌ച (ഏപ്രിൽ 11) വൈകുന്നേരമായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഘെരാബാരിക്ക് സമീപമുള്ള നാഷണൽ ഹൈവേ 31 ൽ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് എതിർദിശയിൽ നിന്ന് വരികയായിരുന്ന പിക്ക്-അപ്പ് ട്രക്കുമായി ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിനിരയായവരെല്ലാം ബിഹാറിലെ പൂർണിയ ജില്ലക്കാരാണന്ന് തിരിച്ചറിഞ്ഞു. പൂർണിയയിൽ നിന്ന് കുർസേലയിലേക്ക് പോകുകയായിരുന്ന ബസ് അമിതവേഗതയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. "നിയന്ത്രണം നഷ്‌ടപ്പെട്ട് എതിർദിശയിൽ നിന്ന് വരികയായിരുന്ന പിക്ക്- അപ്പ് ട്രക്കിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പിക്ക്-അപ്പ് ട്രക്ക് പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി പേർ മരിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു," അവർ പറഞ്ഞു. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായും അമിത വേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും പ്രദേശവാസിയായ ദിലീപ് കുമാർ ആരോപിച്ചു. അപകടം സംഭവിച്ചത് ബസ് ഡ്രൈവറുടെ തെറ്റുകൊണ്ടാണെന്നും ഈ സംഭവത്തിന് ബസ് ഡ്രൈവർ ആണ് പൂർണ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും പിക്ക്-അപ്പ് ട്രക്കിൽ നിന്നുള്ളവരാണ്.

അടുത്തുള്ള പൂർണിയ ജില്ലയിലെ സുഹ്വ, സപ്‌നി ഗ്രാമങ്ങളിൽ നിന്നുള്ള 40 ഓളം ആളുകളാണ് പിക്ക്-അപ്പ് ട്രക്കിൽ ഉണ്ടായിരുന്നത്. ജാർഖണ്ഡിലെ ദുംകയിൽ ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം അവർ ജാർഖണ്ഡിൽ നിന്ന് മടങ്ങുകയായിരുന്നു. ഒരു മോട്ടോർ ബൈക്ക് യാത്രക്കാരനും അപകടത്തിനടയിൽപ്പെട്ട് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവം നടന്ന നിമിഷങ്ങൾക്കകം നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.പിന്നീട് ഡോക്‌ടർമാരുടെ നിർദേശപ്രകാരം മറ്റ് മെഡിക്കൽ സെൻ്ററുകളിലേയ്‌ക്ക് പരിക്കേറ്റവരെ മാറ്റി. “ഇതുവരെ ആകെ 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൂർണിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അവിടെ ചികിത്സയിൽ തുടരുന്നു,” കതിഹാർ പൊലീസ് സൂപ്രണ്ട് ശിഖർ ചൗധരി ഇടിവി ഭാരതിനോട് പറഞ്ഞു. അപകടത്തിനു ശേഷമുള്ള ക്രമസമാധാന നില പൂർണമായും നിയന്ത്രണവിധേയമാക്കുകയും വാഹന ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്‌തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അപകട കാരണം ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനങ്ങളുടെ പ്രതിഷേധം

അപകടത്തെത്തുടർന്ന് നാട്ടുകാർ ദേശീയപാതയിലും സമീപ പ്രദേശങ്ങളിലും പ്രതിഷേധം നടത്തി. ഈ പ്രദേശത്ത് അപകടങ്ങൾ പതിവായി സംഭവിക്കാറുണ്ടെന്നും എന്നാൽ പൊലീസ് യാതൊരു ക്രമീകരണങ്ങളും നടത്തുന്നില്ലെന്നും അവർ പറഞ്ഞു. ഭരണകൂടം ജാഗ്രത പാലിച്ചാൽ ഇത്തരം അപകടങ്ങൾ തടയാൻ കഴിയും. സംഭവസ്ഥലത്ത് കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നു. പിന്നീട് പൊലീസ് ഇടപെട്ട് ക്രമസമാധാന നില നിർത്തി.

ധനസഹായം പ്രഖ്യാപിച്ചു

അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ ഓരോ വ്യക്തിക്കും 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാനും പരിക്കേറ്റവർക്ക് മതിയായ വൈദ്യചികിത്സ ഉറപ്പാക്കാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.റോഡപകടങ്ങളിലെ മരണങ്ങൾക്ക് മാനദണ്ഡങ്ങൾക്കനുസൃതമായി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് സർക്കാർ 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും