FIFA WORLD CUP 2026: പോർക്കളത്തിൽ മലയാളി താരം തഹ്‌സിൻ ഇറങ്ങിയില്ല; എങ്കിലും സ്വിസ് പടയെ പൂട്ടി ഖത്തർ

FIFA WORLD CUP 2026: പോർക്കളത്തിൽ മലയാളി താരം തഹ്‌സിൻ ഇറങ്ങിയില്ല; എങ്കിലും സ്വിസ് പടയെ പൂട്ടി ഖത്തർ

വാഷിങ്‌ടണ്‍: ഫിഫ ലോകകപ്പ് വേദിയിൽ ഒരു മലയാളി അരങ്ങേറ്റം കുറിക്കുന്നത് കാണാൻ ഇനിയും കാത്തിരിക്കണം. ചെറുപ്രായത്തിൽ തന്നെ ഖത്തർ ടീമിൽ ഇടം നേടിയ മലയാളി താരം തഹ്‌സിൻ ലോകകപ്പ് അരങ്ങേറ്റത്തിനായി കളിക്കളത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടീം പരിശീലകൻ ജൂലെൻ ലോപെറ്റെഗി മറ്റു താരങ്ങളെയാണ് മത്സരത്തിന് ഇറക്കിയത്. ഖത്തർ-സ്വിറ്റ്സർലൻ്റ് മത്സരത്തിൽ പത്തൊമ്പതുകാരനെ കളത്തിലിറക്കുന്നതിന് പകരം പരിചയ സമ്പന്നരായ കളിക്കാരെയാണ് പരിശീലകൾ ആശ്രയിച്ചത്. തഹ്‌സിൻ്റെ വരവിനായി കാത്തിരുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മലയാളികളെ ഇത് നിരാശരാക്കി.

മത്സരത്തിൽ ഖത്തർ സ്വിറ്റ്സർലൻ്റിനെ സമനിലയിൽ തളച്ചു. ആദ്യം ബ്രീൽ എംബോളോയുടെ പെനൽറ്റി ഗോളിൽ സ്വിറ്റ് സർലൻ്റ് മുന്നിൽ എത്തിയെങ്കിലും കളിയുടെ നാലാം മിനിറ്റിൽ അപ്രതീക്ഷിതമായ നീക്കത്തോടെ ഖത്തർ നായകൻ ബൗലെം ഖൗഖി നേടിയ ഗോൾ സ്വിറ്റ്സർലൻ്റിനെ തളച്ചു. ഇടതുവശത്തു നിന്ന് ലഭിച്ച ക്രോസ് ഹോമം അഹമ്മദ് സ്വിങ് ചെയ്യുകയും ഖൗഖി തൻ്റെ മാർക്കറിന് മുകളിലൂടെ ഉയർന്ന് വന്ന് ഒരു തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടുകയുമായിരുന്നു, ഇതോടെ ഖത്തർ സ്വിറ്റ്സർലൻ്റിന് ഒപ്പം എത്തി.2022 ലോകകപ്പിൽ ആതിഥേയത്വം വഹിച്ച ഖത്തർ ടീം ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും പരാജയപ്പെട്ടതിനാൽ ഫിഫ ലോകകപ്പിൽ ഖത്തറിന് ലഭിച്ച ആദ്യ പോയിൻ്റാണിത്. സ്വിറ്റ്‌സർലൻഡ് ജയം ഉറപ്പിക്കാൻ 26 വട്ടം ശ്രമിച്ചെങ്കിലും ഫലം ലഭിച്ചില്ല. ഒരു ഗോൾ മാത്രമാണ് നേടാനായത്.

ഖത്തർ ടീമിൽ ഇടംനേടിയ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദ് ഈ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിലും ആരാധകരുടെ പ്രതീക്ഷകൾ തകർന്നിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളിൽ തഹ്‌സിൻ കളത്തിലിറങ്ങുമെന്നും ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രം കുറിക്കുമെന്നുമാണ് ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ജൂൺ 19 ന് ഇന്ത്യൻ സമയം പുലർച്ചെ 3.30 ന് ആരംഭിക്കുന്ന ഖത്തർ-കാനഡ മത്സരത്തിൽ തഹ്‌സിൻ ഇറങ്ങുമോയെന്ന് കണ്ടറിയണം.ഈ സമനിലയോടെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ പ്രവചനാതീതമായി മാറി. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ സ്വിസ് പടയെ തളയ്ക്കാനായത് ഖത്തറിന് അടുത്ത റൗണ്ടുകളിലേക്ക് മുന്നേറാൻ വലിയ കരുത്താകും. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകും ഇനി ഖത്തറിൻ്റെ ശ്രമം.

കണ്ണൂർക്കാരനായ തഹ്‌സിൻ ജംഷീദ്

ഖത്തറിലെ ദോഹയിൽ ജനിച്ച തഹ്‌സിൻ, കണ്ണൂർ തലശ്ശേരി സ്വദേശിയായ മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോളർ ജംഷീദ് തച്ചൻകണ്ടിയുടെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും മകനാണ്. ഖത്തറിലെ വിഖ്യാതമായ ആസ്പയർ അക്കാദമിയിലൂടെയാണ് ഈ യുവ വിങ്ങർ തൻ്റെ കളിമികവ് മെച്ചപ്പെടുത്തിയത്. നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിൽ പ്രമുഖ ക്ലബ്ബായ അൽ-ദുഹൈലിന് വേണ്ടിയാണ് തഹ്‌സിൻ കളിക്കുന്നത്. വെറും 17-ാം വയസ്സിൽ തന്നെ സീനിയർ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച തഹ്‌സിൻ്റെ പ്രതിഭ തിരിച്ചറിഞ്ഞാണ് ഖത്തർ അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്തത്.