മാസപ്പടി കേസ്: രേഖകൾ EDക്ക് നൽകുന്നതിനെ എതിർത്ത് CMRL; കോടതിയിൽ വാദം 2.30ന്

എറണാകുളം : മാസപ്പടി കേസിൽ എസ്എഫ്ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷയെ സിഎംആർഎൽ ശക്തമായി എതിർത്തു. ഈ രേഖകൾ ഇഡിക്ക് വിട്ടുനൽകരുതെന്നാണ് കമ്പനിയുടെ നിലപാട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഈ അപേക്ഷയിൽ വാദം കേൾക്കും.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് ഇഡി ശ്രമിക്കുന്നത്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ തങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.സിഎംആർഎല്ലും വീണയും തമ്മിലുള്ള കരാറിന്റെ പകർപ്പുകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് ഇഡി പ്രധാനമായും ലക്ഷ്യമിടുന്നത്. വീണയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വിട്ടുനൽകുന്നതിൽ എസ്എഫ്ഐഒയുടെ നിലപാട് പിഎംഎൽഎ കോടതി നേരത്തെ തേടിയിരുന്നു.