എംജി സർവകലാശാലയുടെ ഡി ലിറ്റ് ബഹുമതി ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

കോട്ടയം:ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്രവും സമാനതകളില്ലാത്തതുമായ സംഭാവനകൾ മുൻനിർത്തി മലയാളത്തിൻ്റെ പ്രിയ നടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി ലിറ്റ്) ബഹുമതി. കോട്ടയത്ത് വച്ച് നടന്ന സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മമ്മൂട്ടിക്ക് ഡോക്ടറേറ്റ് കൈമാറി ആദരിച്ചു. മമ്മൂട്ടിയുടെ കരിയറിലെ മൂന്നാമത്തെ ഓണററി ഡോക്ടറേറ്റ് അംഗീകാരമാണിത്.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) നൽകിയത്. ചടങ്ങിൽ പ്രോ-ചാൻസലറും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ റോജി എം ജോൺ പങ്കെടുത്തു. സർവകലാശാല റജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ, സെനറ്റ്-സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.അംഗീകാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിച്ച മമ്മൂട്ടി തൻ്റെ കുട്ടിക്കാലത്തെ ഓർമകളും പിതാവിൻ്റെ ആഗ്രഹവും പങ്കുവെച്ചു.

"ചെറുപ്പത്തിൽ എന്നെ ഒരു മെഡിക്കൽ ഡോക്ടറാക്കി മാറ്റണമെന്നായിരുന്നു അച്ഛൻ്റെ വലിയ ആഗ്രഹം. എന്നാൽ അച്ഛൻ്റെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാൻ എനിക്ക് സാധിച്ചില്ല, ഞാൻ ഒരു നടനായി മാറി. 45 വർഷമായി ഞാൻ സിനിമയിലുണ്ട്. ഒരു മെഡിക്കൽ ഡോക്ടറെപ്പോലെ ജനങ്ങളെ നേരിട്ട് ചികിത്സിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും, കലയിലൂടെയും വിനോദത്തിലൂടെയും കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി ജനങ്ങളെ സന്തോഷിപ്പിക്കാനും അവരുടെ മനസ്സിന് സുഖം നൽകാനും എനിക്ക് സാധിച്ചു. ഇപ്പോൾ ഇതാ ചികിത്സിക്കാത്ത ഒരു ഡോക്ടറാകാൻ മൂന്ന് തവണ എനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. ജീവിതാവസാനം വരെ ജനങ്ങളെ ആനന്ദിപ്പിക്കുന്ന ഈ പ്രവർത്തി ഞാൻ തുടരും."
തനിക്ക് ലഭിച്ച ഈ വലിയ പുരസ്കാരം സിനിമ മേഖലയ്ക്ക് സമർപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ കേരള, കാലിക്കറ്റ് സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി മമ്മൂട്ടിയെ ആദരിച്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മമ്മൂട്ടിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് എംജി സർവകലാശാലയുടെ ഈ ആദരം.
പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബഹുമതിയും പ്രമുഖ വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണന് വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദവും ഗവർണർ സമ്മാനിച്ചു. ബിരുദദാന ചടങ്ങിന് ശേഷം സെനറ്റ് ഹാളിൽ തിരുവിഴ ജയശങ്കറിൻ്റെ നാദസ്വര കച്ചേരിയും അരങ്ങേറി.