കാലവർഷക്കെടുതി: 2 സ്കൂളുകളിൽ മതിലും മരവും വീണു

കാലവർഷക്കെടുതി: 2 സ്കൂളുകളിൽ മതിലും മരവും വീണു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്നതിനിടയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അപകടങ്ങൾ ഉണ്ടായി. പട്ടം ഗേൾസ് സ്കൂളിന്റെ സംരക്ഷണ മതിൽ തകർന്നു വീണു.കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ ആൽമരം കടപുഴകി വീണു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാത്ത ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും പിടിഎയും രംഗത്തെത്തി. കോന്നി തഹസിൽദാർ സ്ഥലം സന്ദർശിച്ച്, അപകടാവസ്ഥയിലുള്ള മറ്റു മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റി വിളിക്കുമെന്ന് അറിയിച്ചു.

ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുർഷിദ് മുങ്ങിമരിച്ചു. കുഴൽമന്ദത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് പെരുങ്കുന്നം സ്വദേശി രാമദാസ് (40) മരിച്ചു. എരുമപ്പെട്ടിയിൽ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.