മകനെ രക്ഷിക്കുന്നതിനിടെ മകനോടൊപ്പം അമ്മയും മുങ്ങി മരിച്ചു

മകനെ രക്ഷിക്കുന്നതിനിടെ മകനോടൊപ്പം അമ്മയും  മുങ്ങി മരിച്ചു

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ തോട്ടത്താംകണ്ടിയിൽ കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും മരിച്ചു. തോട്ടത്തിൽകണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35)യും മകന്‍ ശിവനന്ദ് (7) ആണ് മരിച്ചത്. കാൽവഴുതി പുഴയിൽ വീണ ഏഴു വയസുകാരനായ മകൻ ശിവനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രമ്യ ഒഴുക്കിൽപ്പെടുകയായിരുന്നു.  ഇന്ന് വൈകീട്ടോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുറ്റ്യാടി പുഴയിൽ വലിയ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നുണ്ടായിരുന്നു. കടിങ്ങാട് പാലത്തിന് സമീപമുള്ള മെഡിക്കൽ ഷോപ്പിലെ താൽക്കാലിക ജീവനക്കാരിയായ രമ്യ, തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ അലക്കുന്നതിനായാണ് പോയത്. ഈ സമയം മകനും കൂടെയുണ്ടായിരുന്നു. ഇതിനിടെ കുട്ടി കാൽവഴുതി ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ട് മകനെ രക്ഷിക്കാനായി ഒപ്പമെടുത്തു ചാടിയ രമ്യയും കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രമ്യയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഇപ്പോൾ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന മകൻ ശിവനന്ദിന്‍റെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. കുന്നശ്ശേരി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവനന്ദ്. പുഴയിലെ ശക്തമായ നീരൊഴുക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും കുട്ടിക്കായുള്ള തിരച്ചിൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഊർജിതമായി നടത്തുകയായിരുന്നു.