16 കാരിയുടെ കൊലപാതകം: പ്രതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

16 കാരിയുടെ കൊലപാതകം: പ്രതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

കോഴിക്കോട്: ചെലവൂരിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകത്തിലും തുടർന്ന് പ്രതിയുടെ ആത്മഹത്യയിലും ചില സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. പ്രതിയായ അദിനാൻ്റെ സൃഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചേവായൂർ പൊലീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.അദിനാൻ്റെ ചെറിയുമ്മയുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. എന്തെങ്കിലും മുൻവൈരാഗ്യമോ മറ്റെന്തെങ്കിലും ഉദ്ദേശ്യമോ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനുവേണ്ടിയാണ് പ്രതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. ഇന്നോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ അദിനാൻ്റെ സുഹൃത്തുക്കളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കൂടാതെ അദിനാൻ രണ്ട് ഫോണുകളാണ് ഉപയോഗിച്ചിരുന്നത് എന്ന കാര്യം പൊലീസിന് വ്യക്തമായിട്ടുണ്ട്.ഇതിൽ ഒരു ഫോൺ കൃത്യം നടന്ന ചെലവൂരിലെ പൂതംകുഴിയിലുള്ള വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോൺ കണ്ടെത്താനുള്ള ശ്രമവും പൊലീസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. കൂടാതെ ഇപ്പോൾ പൊലീസിന് ലഭിച്ച ഫോൺ ശാസ്‌ത്രീയ പരിശോധനക്ക് അയയ്ക്കാ‌നും അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം നടത്തിയതെന്ന് പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉണ്ടായ സാഹചര്യം എന്താണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അദിനാൻ്റെ കൂട്ടുകാരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. അതേസമയം പെൺകുട്ടിയുടെ മൃതദേഹം പൊന്നാനിയിലുള്ള കോടഞ്ചേരി ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി. വലിയ ജനാവലിയാണ് പെൺകുട്ടിയുടെ പിതാവിൻ്റെ നാടായ പൊന്നാനിയിലെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

അതേസമയം, അദിനാൻ്റെ മൃതദേഹത്തിൻ്റെ ഇൻക്വസ്‌റ്റ് നടപടികൾ ഇന്നലെത്തന്നെ പൂർത്തിയാക്കി. വൈകുന്നേരത്തോടെ പോസ്‌റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്നലെ രാത്രി തന്നെ കൊളത്തറയിലെ ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി. ഏതായാലും വരും ദിവസങ്ങളിൽ തന്നെ പൊലീസിൻ്റെ ഊർജിതമായ അന്വേഷണത്തിൽ കൊലപാതകം നടത്താൻ ഉണ്ടായ സാഹചര്യം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊലപാതകത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്

ചെലവൂരിൽ പതിനാറുകാരിയുടെ കൊലപാതകം കഴുത്ത് ഞെരിച്ച് എന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. ചേവായൂർ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്‌റ്റ് നടപടികളിലാണ് കഴുത്തു ഞെരിച്ചാണ് കൊലപാതകം നടന്നതെന്ന സൂചന ലഭിച്ചത്. നേരത്തെ പെൺകുട്ടിയുടെ മരണ ശേഷം പ്രദേശവാസികൾ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരം സംശയങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ട്.അതേസമയം രാത്രി അദിനാൻ വീട്ടിലെത്തുന്ന ദൃശ്യം വീടിന് പുറകുവശത്തെ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചു. ഇതുവഴി വാതിൽ തുറന്ന് അകത്ത് കയറിയതെന്നാണ് വ്യക്തമാകുന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ കൊലചെയ്യപ്പെട്ട കുട്ടിയും ഉമ്മയും ഉമ്മയുടെ ഉമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. നാടിനെ നടുക്കിയ രണ്ടു മരണങ്ങളും നടക്കുന്നത് പുലർച്ചെ അഞ്ചിനും അഞ്ചരക്കും ഇടയിലാകും എന്നാണ് പൊലീസ് നൽകുന്ന വിവരം.