"നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന ‘വിലക്കയറ്റ മനുഷ്യൻ’":രാഹുൽ ഗാന്ധി
ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന ‘വിലക്കയറ്റ മനുഷ്യൻ’ ആണെന്ന് രാഹുൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് വൻ വാഗ്ദാനങ്ങൾ നൽകുകയും ബാക്കി സമയങ്ങളിലെല്ലാം ജനങ്ങളുടെ പോക്കറ്റടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് മോദിയുടെ ഒരേയൊരു ജോലിയെന്നും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു.
രാജ്യത്തെ ഇന്ധനവില വർധനവിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തവണകളായി പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർദ്ധിപ്പിച്ചതെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ജനങ്ങൾ അറിയാതെ രഹസ്യമായി അവരുടെ പോക്കറ്റടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ വില തവണകളായി ഉയർത്തുന്നതെന്നും പറഞ്ഞു. ഇന്ധനവിലയിലുള്ള ഈ വർദ്ധനവ് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.വിലക്കയറ്റ മനുഷ്യൻ മോദി വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരാൻ പോകുകയാണെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രി മോദി എപ്പോഴും ചെയ്യാറുള്ളതുപോലെ ഇത് അവഗണിക്കുകയായിരുന്നുവെന്നും മോദി തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.