നെടുങ്കണ്ടം ഇരട്ടക്കൊല: അമ്മയെ മൂക്കിനിടിച്ചും സഹോദരനെ തലക്കടിച്ചും കൊലപ്പെടുത്തിയെന്ന് പ്രതി

ഇടുക്കി : നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ നിർണായക വിവരങ്ങള്‍ വെളിപ്പെടുത്തി പ്രതി സജി. ഞെട്ടിക്കുന്ന വിവരങ്ങളാണ് സജി പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സജി ഒളിച്ചിരുന്നത് വീടിന് സമീപത്തെ ഏലത്തോട്ടത്തില്‍. മരംകയറ്റത്തില്‍ വിദഗ്‌ധനായ ഇയാള്‍ മരത്തിന്‍റെ മുകളിലിരുന്ന് പൊലീസിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായും വിവരമുണ്ട്.
അതിക്രൂരമായാണ് സജി അമ്മയേയും സഹോദരനേയും സജി കൊലപ്പെടുത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സജി സഹോദരന്‍ റെജിയുടെ തലയ്ക്ക് അടിച്ചത്. ശേഷം തുണി ഉപയോഗിച്ച് കഴുത്ത് വരിഞ്ഞുമുറുക്കി.ഇതുകണ്ട് ബഹളം വച്ച മാതാവ് മേരിക്കുട്ടിയെ കൈ ഒടിച്ച ശേഷം മൂക്കിന് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം. രണ്ട് ദിവസം മൃതദേഹം വീട്ടിനുള്ളില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച ശേഷം മൂന്നാം ദിനമാണ് കുഴിച്ചുമൂടിയത് എന്ന് പ്രതി മൊഴി നൽകി. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു.സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്‌ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്‍റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തില്‍ പറമ്പിന്‍റെ പരിസരത്തുനിന്ന് തന്നെ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു.
സഹോദരനായ റെജിയിൽ നിന്നും നേരിടേണ്ടി വന്ന നിരന്തരമായ മാനസിക പീഡനവും വസ്‌തു തർക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മാത്യുവിന്‍റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നതായും, തന്‍റെ വിവാഹം മുടക്കാൻ ശ്രമിച്ചതാണ് പക വർധിപ്പിച്ചതെന്നും സജി മൊഴി നൽകി.മറ്റാരുടെയും സഹായമില്ലാതെ താൻ തന്നെയാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രതിയുടെ വാദം. സജിയെ ഇന്നലെ തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വസ്‌തുതകൾ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ, സജിയുടെ പിതാവ് മാത്യുവിന്‍റെ മുൻപുള്ള തിരോധാനത്തെക്കുറിച്ചും പുനരന്വേഷണം നടത്തുമെന്ന് എസ്‌പി വ്യക്തമാക്കിയിരുന്നു.