"ലോൺ ആപ്പിൽന്ന് പൈസ കടമെടുത്തത് തിരിച്ചടക്കാൻ കഴിയാത്തതിൽ നിതിൻരാജിന് മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നു": പോലീസ്
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻരാജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പുതിയ വിശദീകരണവുമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻരാജ്.ആത്മഹത്യ ചെയ്ത നിതിൻരാജ് ഡിസംബർ, ജനുവരി മാസങ്ങളിലായി ലോൺ ആപ്പ് വഴി ലോണെടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കോളജിലെ അധ്യാപികയെ ലോൺ ഏജൻറ് വിളിച്ചിരുന്നുവെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ലോൺ തുക കൃത്യമായി തിരിച്ചടക്കാൻ സാധിച്ചില്ല. അതോടെ ലോൺ ഏജൻറ് നിരന്തരമായി വിളിക്കാൻ തുടങ്ങി. ആദ്യസമയങ്ങളിൽ ഫോൺ എടുത്ത് എജൻറിന് മറുപടി കൊടുത്ത നിതിൻരാജ്, പിന്നീട് ഫോൺ എടുക്കാതെയായി.ഇതോടെ നിതിൻരാജിന്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു .ഇതിലൂടെ വിദ്യാർഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാർ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നു.കോളജിലെ അധ്യാപികയെ ലോൺ ഏജൻറ് വിളിക്കാൻ തുടങ്ങി. നിരന്തരമായി ഏജൻറ് വിളിച്ചതോടെ അധ്യാപിക സൈബർ പൊലീസിന് പരാതി നൽകി.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും (ഏപ്രിൽ 10) അധ്യാപികയെ ലോൺ ഏജൻറ് വിളിച്ചിരുന്നു. തുടർന്ന് അധ്യാപിക പ്രിൻസിപ്പാളിനെ വിവരം അറിയിച്ചു.പ്രിൻസിപ്പാൾ നിതിൻരാജിനെ ഓഫിസിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. ഇത് കടുത്ത മാനസിക പ്രയാസം സൃഷ്ടിക്കാൻ സാധ്യതയുണ്ട്’ -സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു .വരും ദിവസങ്ങളിൽ സൈബർ പൊലീസിന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്യേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം
നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതിന് കണ്ണൂർ സിറ്റിപോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.കണ്ണൂർ എ.സി.പി ആർ. ഹരിപ്രസാദിൻ്റെ മേൽനോട്ടത്തിൽ ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ ഫക്രുദ്ദീൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ, സീനിയർ സിവിൽ പോലീസ് ഓഫീസർ/ സിവിൽ പോലീസ് ഓഫീസർ, കണ്ണൂർ സിറ്റി സൈബർ സെൽ, എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.