എസ്‌എസ്‌കെ ഫണ്ടില്ല : സ്‌കൂൾ അധ്യാപക പരിശീലനം നിലക്കുന്നു

എസ്‌എസ്‌കെ ഫണ്ടില്ല :  സ്‌കൂൾ അധ്യാപക പരിശീലനം നിലക്കുന്നു

തിരുവനന്തപുരം : പിഎം ശ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കാത്തതിനെച്ചൊല്ലി സമഗ്ര ശിക്ഷാ കേരളയ്ക്കുള്ള (എസ്എസ്‌കെ) ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞതോടെ സ്‌കൂൾ അധ്യാപക പരിശീലനം നിലച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്‌സിഇആർടിയ്‌ക്കാണ് വേനലവധിക്കാല പരിശീലനത്തിനുള്ള ചുമതല. പണം ലഭിക്കാത്തതിനാൽ ഏപ്രിൽ അവസാനിക്കാറായിട്ടും തയ്യാറെടുപ്പുകൾ തുടങ്ങാനായിട്ടില്ല.അധ്യാപക പരിശീലനത്തിനായി എല്ലാ വർഷവും രണ്ടുകോടി രൂപ എസ്എസ്‌കെ ഫണ്ട് അനുവദിക്കാറുണ്ട്. പിഎം ശ്രീയുടെ പേരിൽ കേന്ദ്ര ഫണ്ട് നിലച്ചതിനാൽ, എസ്എസ്‌കെ പ്രവർത്തനം സ്‌തംഭിച്ച സ്ഥിതിയിലാണ്. കഴിഞ്ഞവർഷം സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കാരവും പരിശീലനവും തയ്യാറെടുപ്പുകളുമൊക്കെയായി നാലേമുക്കാൽ കോടിയോളം രൂപ എസ്‌സിഇആർടിക്ക് ചെലവു വന്നിരുന്നു.

അധ്യയനവർഷം തുടങ്ങുന്നതിനു മുൻപ് മുൻവർഷത്തെ പഠനവും അധ്യയനവും വിലയിരുത്തി, പാളിച്ചകൾ തിരുത്താനും പുതിയ സമീപനങ്ങൾക്ക് അധ്യാപകരെ പ്രാപ്‌തരാക്കാനുമാണ് പരിശീലനം. സ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി രണ്ടുലക്ഷത്തിലേറെ അധ്യാപകരുണ്ട്. ഇവർക്ക് മേയ് 20 മുതൽ അഞ്ചു ദിവസത്തെ പരിശീലനം നൽകാനാണ് ധാരണ. ഇതിനായി, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് (എസ്ആർജി) രൂപവത്കരിക്കും. ഓരോ വിഷയത്തിനും ചുരുങ്ങിയത് 15 അധ്യാപകരുണ്ടാവും. ഏപ്രിലിൽ പൂർത്തിയാക്കേണ്ട എസ്ആർജി പ്രവർത്തനം ഇതുവരെ തുടങ്ങാനായിട്ടില്ല.

സമഗ്ര ശിക്ഷാ ഫണ്ടിൽ കിട്ടാനുള്ളത് 1131.17 കോടിരൂപ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് കേരളത്തിന് സമഗ്ര ശിക്ഷാഫണ്ടിൽ കിട്ടാനുള്ളത് 1131.17 കോടിയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 348.47 കോടി വകയിരുത്തിയെങ്കിലും 178.16 കോടി മാത്രം കൈമാറി. 2023-24ൽ 328.83 കോടി വകയിരുത്തിയപ്പോൾ നൽകിയത് 141.66 കോടി മാത്രം. 2024-25ൽ 420.91 കോടി വകയിരുത്തിയതിൽ ഒരു രൂപ പോലും കൊടുത്തില്ല. കേരളം കൃത്യമായ രേഖകൾ സമർപ്പിച്ചില്ലെന്നാണ് കാരണം പറഞ്ഞത്.2025-26ൽ 452.05 കോടി അംഗീകരിച്ചെങ്കിലും 99.27 കോടി മാത്രം കൈമാറി. കേരളത്തിലെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ 2700ൽപരം സ്പെഷ്യൽ എജുക്കേറ്റർമാരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട ഹർജികളിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി 1550.26 കോടി കേന്ദ്രം വകയിരുത്തി. കൈമാറിയത് 419.09 കോടി മാത്രം.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെന്ന് കേന്ദ്രം

കേരളം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിലും, സംസ്ഥാനത്തിന് സമഗ്ര ശിക്ഷാ ഫണ്ട് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. 2025-26 സാമ്പത്തിക വർഷത്തിൽ 99.27 കോടി നൽകി. 6 മുതൽ 14 വയസു വരെയുള്ള കുട്ടികളുടെ നിർബന്ധിത വിദ്യാഭ്യാസം, സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനം തുടങ്ങിയവ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സമഗ്ര ശിക്ഷാ ഫണ്ട് കൈത്താങ്ങ് മാത്രമാണ്. സ്പെഷ്യൽ എജുക്കേറ്റർമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം വകയിരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്.

തെരഞ്ഞെടുത്ത സ്‌കൂളുകളിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ 2025 ഒക്ടോബർ 23ന് കേരളം ധാരണാപത്രത്തിൽ ഒപ്പു വച്ചതാണ്. ഒക്ടോബർ 28ന് സെലക്ഷൻ പ്രക്രിയ സംസ്ഥാനം മാറ്റിവച്ചു. പദ്ധതി നടപ്പാക്കുന്നത് നിർത്തി വച്ചതായി നവംബർ 12ന് അറിയിച്ചു. 2026 ജനുവരി 27ന് പിഎം ശ്രീ പോർട്ടൽ തുറന്നപ്പോൾ സ്‌കൂളുകളുടെ തെരഞ്ഞെടുപ്പിന് സംസ്ഥാനം അപേക്ഷിച്ചില്ല. സമഗ്ര ശിക്ഷാ പദ്ധതി, ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടതാണ്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ചെലവാക്കുന്നതെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.