പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു; ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‌തത് 66 പുരസ്‌കാരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ പുരാസ്‌കാരങ്ങൾ ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് രാഷ്‌ട്രപതി ദ്രാപതി മുർമു സമ്മാനിച്ചു. ഈ വർഷം സർക്കാർ ആകെ 131 പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. അവാർഡ് ജേതാക്കളിൽ 19 പേർ സ്ത്രീകളാണ്, 16 പേർക്ക് മരണാനന്തര ബഹുമതിയാണ് നൽകുന്നത് . ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കെ ടി തോമസ്, പി നാരായണൻ, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ, എ ഇ മുത്തുനായകം, കൊല്ലക്കൽ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ എന്നിവരാണ് കേരളത്തിൽ നിന്നും ഇത്തവണ പുരസ്‌കാരത്തിന് അർഹരായവർ.അഞ്ച് പേർക്കാണ് ഈ വർഷം പത്മവിഭൂഷൺ ലഭിച്ചത്. കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷണിന് അർഹനായത്. കൂടാതെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തരം പത്മവിഭൂഷൺ ലഭിച്ചു. കേരളത്തിൻ്റെ കെ ടി തോമസ്, പി നാരായണൻ, ഉത്തർപ്രദേശിൻ്റെ എൻ സ്‌റ്റോൺ എന്നിവാണ് പത്മവിഭൂഷണിന് അർഹരായ മറ്റ് മൂന്ന് പേർ.

മരണാനന്തര ബഹുമതിയായി വിഎസിന് പത്മവിഭൂഷൺ
രാഷ്ട്രീയത്തിനും പൊതുസേവനത്തിനും നൽകിയ ആജീവനാന്ത സംഭാവനകൾക്കാണ് വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിച്ചത്. എളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന് തൊഴിലാളികൾക്കും കർഷകർക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി ശബ്‌ദമായി മാറിയ വ്യക്തിത്വമാണ് വി എസ് അച്യുതാനന്ദൻ. 2006 മുതൽ 2011 വരെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സേവനം അനുഷഠിച്ചു.പൊതുകാര്യങ്ങളിലും ജുഡീഷ്യറിയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് കെ ടി തോമസിനെ പത്മവിഭൂഷൺ നൽകി ആദരിച്ചത്. 1996 നും 2002 നും ഇടയിൽ സുപ്രീം കോടതിയിൽ സേവനമനുഷ്‌ഠിച്ച അദ്ദേഹം, രാജീവ് ഗാന്ധി വധക്കേസ് ഉൾപ്പെടെയുള്ള നിരവധി സുപ്രധാന വിധിന്യായങ്ങളിൽ ഭാഗമായിരുന്നു.സാഹിത്യ-വിദ്യാഭ്യാസ മേഖലയിലെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനാണ് മുതിര്‍ന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി. നാരായണനെ തിരഞ്ഞെടുത്തത്. മലയാള പത്രമായ ജന്മഭൂമിയുടെ സഹസ്ഥാപകനും മുന്‍ എഡിറ്റര്‍-ഇന്‍-ചീഫുമായ നാരായണന്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
പത്മഭൂഷൺ നിറവിൽ മമ്മൂട്ടിയും വെള്ളാപ്പള്ളിയും
കലാ രംഗത്തെ മികവുറ്റ സംഭാവനകൾക്കാണ് മലയാളത്തിൻ്റെ സൂപ്പർ സ്‌റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ കരിയറിൽ, നിരവധി പ്രശംസ നേടിയ പ്രകടനങ്ങൾ കാഴ്‌ചവെച്ച മമ്മൂട്ടി ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്.കേരളത്തിലെ സമഹിക, പൊതുകാര്യങ്ങക്ക് നൽകിയ സംഭാവനയുടെ അടിസ്ഥാനത്തിലാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായത്. വർഷങ്ങളായി, ഈഴവ സമുദായത്തിൻ്റെ താത്‌പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ക്ഷേമം, സമുദായ ഉന്നമനം എന്നിവയിൽ അദ്ദേഹം സംഘടനയുടെ പങ്ക് വിപുലീകരിച്ചു. കേരളത്തിലെ സ്വാധീനമുള്ള സാമൂഹിക, രാഷ്ട്രീയ വ്യക്തിത്വമായി അദ്ദേഹം തുടരുന്നു. ഇവർക്ക് പുറമെ കേരളത്തിന് അഭിമാനമായി പത്മശ്രീ പുരസകാരം ജേതാക്കളായി എ.ഇ. മുത്തുനായകവും കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകി അമ്മയുമുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ലോക കിരീടം സമ്മാനിച്ച രോഹിത് ശർമക്കുംഹർമൻപ്രീത് കൊറിനും പത്മശ്രീ ലഭിച്ചു.
1954-ൽ സ്ഥാപിതമായ പത്മ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെയും വിഷയങ്ങളിലെയും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾക്കാണ് ഈ അവാർഡ് നൽകുന്നത്.