പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ പിടിയിൽ

മുംബൈ: 2025 ഡിസംബറിൽ ,കുതിരവട്ടം മനസികാരോഗ്യകേന്ദ്രത്തിൽ നിന്നും ശുചിമുറി തുരന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ പിടിയിലായി . മുംബൈയിൽ വിവിധയിടങ്ങളിൽ ജോലിചെയ്‌തു വരികയായിരുന്നു ഇയാൾ . നാളെ വിനീഷിനെ കേരളാ പോലീസ് മുംബൈയിൽനിന്നും കേരളത്തിലേക്ക് കൊണ്ടുപോകും .രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുംബൈയിലെത്തി കേരളാപോലീസ് വിനീഷിനെ പിടികൂടിയത്.
പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്.ശുചിമുറിയുടെ ചുമര്‍ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതില്‍ ചാടി പുറത്തു പോവുകയായിരുന്നു.പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡിസംബര്‍ പത്തിനു വീണ്ടും കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മഞ്ചേരി സബ് ജയിലിലെ റിമാൻഡിലിരിക്കെ വിനീഷ് കൊതുകുതിരി കഴിച്ചു ആത്മഹത്യാശ്രമം നടത്തിയിരുന്നു. പ്രതി സംഭവം നടത്തിയ ദിവസം തന്നെ ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയിലിലും വാര്‍ഡന്‍മാരുടെ നിരീക്ഷണത്തിലായിരുന്നു വിനീഷ്. പിന്നീട് കുതിരവട്ടം മനസികാരോഗ്യ കേന്ദത്തിലേക്കു മാറ്റി .അവിടെ നിന്നാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ശുചി മുറി തുരന്ന് രക്ഷപ്പെട്ടത് .സംഭവുമായി ബന്ധപ്പെട്ട് നാല് പോലീസുകാർക്ക് സസ്‌പെൻഷനും ലഭിച്ചിരുന്നു.
2021 ജൂൺ 17നാണ് ദൃശ്യ കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. രാവിലെ ഏഴരയോടെ ദൃശ്യയുടെ വീട്ടിൽ കയറിയ വിനീഷ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു.രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തിയത്. വീടിന് അടുത്തുള്ള ഷെഡിൽ ഒളിച്ചിരുന്നു. ആരും കാണാതെ പിൻവാതിലിലൂടെ വീടിന് ഉള്ളിൽ കയറി. ആദ്യം അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യിൽ ഉണ്ടായിരുന്ന കത്തിക്ക് മൂർച്ച പോര എന്ന് കണ്ട് അടുക്കളയിൽ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകൾ നിലയിൽ ഉള്ള മുറിയിൽ കയറി ഒളിച്ചിരുന്നു.പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയിൽ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുൻ വശത്തെ വാതിൽ വഴി അരമതിൽ ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്പിലൂടെ വയൽ വഴി ഓടി രക്ഷപ്പെട്ടു.
വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന ശേഷമാണ് വിനീഷ് അകത്തു കടന്നത്. ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടിൽ കയറി ദൃശ്യയുടെ മുറിയിൽ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. ബാലചന്ദ്രന്റെ കട തീവെച്ച് നശിപ്പിച്ചാണ് വിനീഷ് വീട്ടുകാരുടെ ശ്രദ്ധ തിരിച്ചത്.
മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. വള കച്ചവടമാണ് മാതാപിതാക്കളുടെ തൊഴിൽ. അച്ഛൻ വർഷങ്ങൾക്ക് മുൻപ് മറ്റൊരു വിവാഹം കഴിച്ച് മണ്ണാർക്കാടേക്ക് മാറി. ഏപ്രിലിൽ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസിൽ പരാതികൊടുക്കുകയും തുടർന്ന് പോലീസ് താക്കീത് നൽകുകയും ചെയ്തിരുന്നു.ഇതിൻ്റെ പ്രതികാരമായാണ് കൊല നടത്തിയത്.