"നിർഭയമായി ശബ്ദമുയർത്തുന്ന യുവജന കൂട്ടായ്മകളെപ്പോലും ഭരണകൂടം ഭയപ്പെടുന്നു" :കോക്രോച്ച് പാര്‍ട്ടിയെ പിന്തുണച്ച് പിണറായി
തിരുവനന്തപുരം: ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ജീവനാഡി എന്നത് വിയോജിക്കാനുള്ള അവകാശവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമാണെന്ന് കോക്രോച്ച് പാര്‍ട്ടിയെ പിന്തുണച്ച് ഓര്‍മപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിർഭയമായി ശബ്ദമുയർത്തുന്ന യുവജന കൂട്ടായ്മകളെപ്പോലും ഭരണകൂടം ഭയപ്പെടുന്നു എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് 'കോക്റോച്ച് ജനതാ പാർട്ടി' എന്ന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയാ പോസ്‌റ്റിലൂടെയാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി രംഗത്തെത്തിയത്.കേവലമൊരു സോഷ്യൽ മീഡിയ അക്കൗണ്ട് റദ്ദാക്കലല്ല ഇത്, മറിച്ച് വളർന്നുവരുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളോടും വിയോജിപ്പുകളോടും കേന്ദ്രഭരണകൂടം പുലർത്തുന്ന കടുത്ത അസഹിഷ്ണുതയുടെയും ഭയത്തിൻ്റെ യും പ്രതിഫലനമാണിതെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് യുവതലമുറയ്ക്കുള്ള കടുത്ത അസന്തുഷ്ടിയുടെയും അമർഷത്തിൻ്റെയും പ്രതിഫലനമാണ് ഈ പൊടുന്നനെയുള്ള പ്രതിഷേധം.
തൊഴിലില്ലായ്മയും ഭരണാധികാരികളുടെ അവഗണനയും മൂലം നിരാശരായ യുവാക്കളാണ് ഈ വേദിയിലേക്ക് അതിവേഗം ആകർഷിക്കപ്പെട്ടത്. തങ്ങളെ 'പാറ്റകൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്കെതിരെയുള്ള ഒരു ക്ഷിപ്ര പ്രതികരണമായി മാത്രം ഇതിനെ ചുരുക്കിക്കാണാൻ കഴിയില്ല. അതിനപ്പുറം, കോർപ്പറേറ്റ് പ്രീണനവും അസമത്വവും ചൂഷണവും നിറഞ്ഞ ഇന്നത്തെ വ്യവസ്ഥിതിക്കെതിരെയുള്ള അതിശക്തമായ രാഷ്ട്രീയ വികാരത്തിൻ്റെ തീക്ഷ്ണത ആ പ്രതിഷേധങ്ങളിൽ പ്രകടമായിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു.
"കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?" പ്രതിപക്ഷ നേതാവ് ചോദിച്ചു.
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.“പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്.കേന്ദ്രസർക്കാരിൻ്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അധികാരത്തിൻ്റെ കരുത്തിൽ ശബ്ദങ്ങളെ ഇല്ലാതാക്കാം എന്നത് ഭരണാധികാരികളുടെ തെറ്റിദ്ധാരണ മാത്രമാണ്. ചോദ്യങ്ങൾ ചോദിക്കുന്ന ജനതയാണ് ഒരു ജനാധിപത്യ രാജ്യത്തിൻ്റെ കരുത്ത്. ഭരണകൂടത്തിൻ്റെ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ, അഭിപ്രായസ്വാതന്ത്ര്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടതുണ്ട്. നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയ്ക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും പിണറായി ഓര്‍മപ്പെടുത്തുന്നു.