"പിഎം ശ്രീ പദ്ധതി തുടരും; പാഠ്യപദ്ധതിയിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല" : മുഖ്യമന്ത്രി

"പിഎം ശ്രീ പദ്ധതി തുടരും; പാഠ്യപദ്ധതിയിൽ  കേന്ദ്ര ഇടപെടൽ അനുവദിക്കില്ല" :  മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കാളിയായതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പിസി വിഷ്ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളാണ്. സമിതി വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ തുടർനടപടി സ്വീകരിക്കും. സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കരാർ വ്യവസ്ഥയിൽ ഇളവ് തേടും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഈ വിഷയം ചർച്ച ചെയ്തു. മുൻ എൽഡിഎഫ് സർക്കാരിലെ ധനവകുപ്പ് പിഎം ശ്രീ പദ്ധതിക്ക് ക്ലിയറൻസ് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭാംഗങ്ങളെ ഇരുട്ടിൽ നിർത്തിയാണ് പദ്ധതിയിൽ ഒപ്പുവച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരുന്ന 99 കോടിയിലധികം രൂപ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ 106 കോടി രൂപ കൂടി അനുവദിച്ചു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചില ആശയപരമായ എതിർപ്പുകളുണ്ട്. കരിക്കുലം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനം. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം. കരിക്കുലം സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സ്കൂളുകൾ സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ വകുപ്പുകളിലും ധനവിനിയോഗം സംബന്ധിച്ച് ഉപദേശകൻ

സംസ്ഥാനത്ത് സുപ്രധാനമായ ഭരണപരിഷ്കാര നടപടികൾക്കും മന്ത്രിസഭ യോഗം അംഗീകാരം നൽകി. സർക്കാരിൻ്റെ എല്ലാ വകുപ്പുകളിലും ധനവിനിയോഗം സംബന്ധിച്ച് ഉപദേശകനെ നിയമിക്കും. ജോയിൻ്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെയാണ് ഇൻ്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറായി നിയമിക്കുന്നത്. വിവിധ പദ്ധതികൾക്കുള്ള ഫയലുകൾ അഡ്വൈസർ പരിശോധിക്കും. ധനകാര്യ വകുപ്പിലേക്ക് ആവശ്യമില്ലാത്ത നിരവധി ഫയലുകൾ എത്തുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ധനപരമായ പെരുമാറ്റച്ചട്ടം അറിയാതെ വിവിധ വകുപ്പുകളിൽ നിന്ന് വരുന്ന ഇത്തരം ഫയലുകൾ പലപ്പോഴും തിരിച്ചയക്കേണ്ടി വരുന്നുണ്ട്. ഇത് സർക്കാരിൻ്റെ നടപടിക്രമങ്ങളും പദ്ധതികളും വൈകുന്നതിന് കാരണമാകുന്നു. ഈ പ്രതിസന്ധി മറികടക്കാൻ 1974ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച മാതൃകയിലാണ് പുതിയ നിയമനം.പുതിയ സംവിധാനം വരുന്നതോടെ ധനപരമായ കാര്യങ്ങളിൽ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തന്നെ പരിശോധന നടത്തും. സാമ്പത്തിക ചെലവില്ലാത്ത ഫയലുകൾ ധനകാര്യ വകുപ്പിലേക്ക് അയക്കേണ്ടതില്ല. സംശയങ്ങൾ ദുരീകരിച്ച് ചട്ടങ്ങൾ പാലിച്ചുള്ള ഫയലുകൾ മാത്രമേ ഇനി ധനവകുപ്പിലേക്ക് എത്തുകയുള്ളൂ. ഫയലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും അനാവശ്യ കാലതാമസം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. നയപരമായ തീരുമാനങ്ങൾ, പുതിയ സേവനങ്ങൾ, വിശാലമായ സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് മാത്രമായി ധനകാര്യ വകുപ്പിനെ സമീപിച്ചാൽ മതിയാകും. ധനകാര്യ വകുപ്പിൻ്റെ അധികാരങ്ങൾ മറ്റ് വകുപ്പുകളിലേക്ക് വികേന്ദ്രീകരിച്ച് നൽകുന്നതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ സുഗമമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊതുസംഭരണ മാനുവൽ പരിഷ്കരിക്കാൻ ഉപസമിതി

സംസ്ഥാനത്തെ കാലഹരണപ്പെട്ട പൊതുസംഭരണ മാനുവൽ പരിഷ്കരിക്കാൻ മന്ത്രിസഭ ഉപസമിതിയെ രൂപീകരിക്കും. കാലാനുസൃതമായ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇ സംഭരണം ഉൾപ്പെടെയുള്ളവ പരിശോധിച്ച് പുതിയ സംവിധാനം കൊണ്ടുവരും. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നൂറുദിവസത്തെ കർമപരിപാടി ജൂലൈ ഒന്നുമുതൽ നടപ്പാക്കും.

നിരവധി വർഷങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്ന മലയിടം തുരുത്ത് വിഷയം സർക്കാർ പരിഹരിച്ചു. ഭൂവുടമയുമായി കരാറുണ്ടാക്കി. താമസക്കാർക്ക് അഞ്ച് സെൻ്റ് ഭൂമിയും വഴിയും ലഭിച്ചു. കഴിഞ്ഞ സർക്കാരിൻ്റെ ഭരണകാലത്ത് 14 പ്രാവശ്യം ഭൂമി ഏറ്റെടുക്കാൻ നടപടിയുണ്ടായിട്ടും ആരും ഇടപെട്ടില്ല. ഇപ്പോൾ വിഷയം പരിഹരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെയും വിപി സജീന്ദ്രൻ എംഎൽഎയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.