"പിഎം ശ്രീ കഴിഞ്ഞ സർക്കാർ ഉപേക്ഷിച്ചതാണ്, യു.ഡി.എഫ് തലയിലേറ്റി വെക്കുന്നു’": എം. സ്വരാജ്

"പിഎം ശ്രീ കഴിഞ്ഞ സർക്കാർ ഉപേക്ഷിച്ചതാണ്, യു.ഡി.എഫ് തലയിലേറ്റി വെക്കുന്നു’": എം. സ്വരാജ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’  പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത രാഷ്ട്രീയ പ്രത്യാക്രമണവുമായി സി.പി.ഐ.എം നേതാക്കൾ . പിഎം ശ്രീ പദ്ധതി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പൂർണ്ണമായി ഉപേക്ഷിച്ചതാണെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ ഇത് നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് ‘പച്ചക്കള്ളം’ പ്രചരിപ്പിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തി.

“സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള സമഗ്ര ശിക്ഷാ കേരളം (SSK) പദ്ധതിയുടെ പണം കേന്ദ്രത്തിൽ നിന്ന് വാങ്ങിയതിനെയാണ് പിഎം ശ്രീയുടെ ഫണ്ട് വാങ്ങിയതായി യു.ഡി.എഫ് ഇപ്പോൾ വ്യാജമായി ചിത്രീകരിക്കുന്നത്. പിഎം ശ്രീ പദ്ധതിയിലൂടെ കേരളം ഇതുവരെയും ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഈ പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് എൽ.ഡി.എഫ് നേരത്തെ തന്നെ ഔദ്യോഗികമായി തീരുമാനിച്ചതാണ്. കഴിഞ്ഞ നവംബർ 12-ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് കൈമാറുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതിയെടുത്ത് അറബിക്കടലിൽ എറിയുമെന്ന് പ്രസംഗിച്ച പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ അത് തലയിലേറ്റി നടക്കുകയാണ്,” എം. സ്വരാജ് തുറന്നടിച്ചു. പിഎം ശ്രീയുമായി മുന്നോട്ടുപോകാനുള്ള നീക്കം യു.ഡി.എഫ് സർക്കാർ അടിയന്തരമായി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാർ കത്തയച്ചിട്ടില്ലെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ മറ്റൊരു വലിയ കളവാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ട കരാർ പിന്നീട് പൂർണ്ണമായി മരവിപ്പിച്ചതാണ്. എന്നാൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് മുന്നിൽ നിലവിലെ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനമെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

നേരത്തെ, പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാന സർക്കാർ നിലവിൽ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെയും, വർഗീയ അജണ്ടകൾക്ക് ഇടം നൽകാതെയും പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തൊട്ടുപിന്നാലെ, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതുകൊണ്ടാണ് നിലവിലെ സർക്കാർ ഇതിൽ കമ്മിറ്റഡായതെന്ന് ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. കരിക്കുലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കുഞ്ഞാലിക്കുട്ടി ആവർത്തിക്കുന്നുണ്ടെങ്കിലും, പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി എൽ.ഡി.എഫ് വൻ രാഷ്ട്രീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്