നടിമാരായ അൻസിബയും ലക്ഷ്മിപ്രിയയും നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ്

ഏറണാകുളം : നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് പോലീസ് .നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കുമെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻ്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും ഇവർ പറയുന്നു. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ ആരോപണം. വനിതാ സ്റ്റേഷനിലെ എസ്ഐ പരാതിക്കാരിയായ ലക്ഷ്മിപ്രിയയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും എസ്ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തി.
എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ കേസെടുക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കിയിട്ടുണ്ട്.
അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് കൊടുക്കും
അൻസിബ ഹസനെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തന്നെയും കുടുംബത്തെയും പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനംതാനും അൻസിബയും തമ്മിലുള്ള തർക്കം സൗഹൃദപരമായി സംസാരിച്ചു തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും, എന്നാൽ അൻസിബ മനഃപൂർവം വിഷയത്തെ വലുതാക്കി തന്റെ കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും ലക്ഷ്മി പ്രിയ ആരോപിച്ചു