പ്രീമിയം പെട്രോൾ,ഡീസൽ, വാണിജ്യ സിലിണ്ടർ എന്നിവയുടെ വില വീണ്ടും വർദ്ധിപ്പിച്ചു

ന്യൂഡൽഹി: ഇന്ധന വിപണിയിൽ സാധാരണക്കാരെയും വാഹന ഉടമകളെയും ആശങ്കയിലാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) പ്രീമിയം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുത്തനെ വർധിപ്പിച്ചു. കമ്പനിയുടെ ഏറ്റവും ഉയർന്ന നിലവാരമുള്ള 'എക്സ്പി 100' (XP 100) പെട്രോളിന് ലിറ്ററിന് 11 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ ഇന്ധനത്തിന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർന്നു.
പ്രീമിയം പെട്രോളിന് പിന്നാലെ ഡീസൽ വിഭാഗത്തിലും വിലവർധനയുണ്ട്. ഇന്ത്യൻ ഓയിലിന്റെ 'എക്സ്ട്രാ ഗ്രീൻ' (XtraGreen) ഡീസൽ ലിറ്ററിന് 91.49 രൂപയിൽ നിന്ന് 92.99 രൂപയായാണ് വർധിപ്പിച്ചത്. രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയിൽ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ ഈ നീക്കം.പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യവും ആഗോളതലത്തിലെ ഇന്ധനക്ഷാമവുമാണ് ഈ വിലവർധനവിന് പിന്നിലെ പ്രധാന കാരണം. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ നേരിടുന്ന തടസ്സങ്ങൾ ആഭ്യന്തര വിപണിയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രീമിയം ഇന്ധനങ്ങളുടെ വില വർധിച്ചതോടെ വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലകളിലും മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
നിലവിൽ പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. ഹോട്ടൽ മേഖലയിൽ വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചതിന് പിന്നാലെ ഇന്ധനവിലയും ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചേക്കും.
എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി
രാജ്യത്തെ ഹോട്ടൽ ഉടമകളെയും ചെറുകിട സംരംഭകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195.50 രൂപയാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എൽപിജി ക്ഷാമത്തിന് കാരണമായ സാഹചര്യത്തിലാണ് ഈ വിലവർധന.
ചെറിയ സിലിണ്ടറുകൾക്കും വിലകൂട്ടി
വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ, അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ട്. 51 രൂപയാണ് ഇവയ്ക്ക് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ തെരുവോര കച്ചവടക്കാരും ചെറുകിട ഭക്ഷണശാലകളും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. മാർച്ച് മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്.
വാതകക്ഷാമത്തിനൊപ്പം വിലയും വർധിച്ചത് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധനവിന് കാരണമായേക്കാം. നിലവിൽ കൊൽക്കത്ത പോലുള്ള നഗരങ്ങളിൽ വലിയ സിലിണ്ടറുകൾക്ക് 218 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്.ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും വിറകടുപ്പുകളിലേക്ക് മാറിയിട്ടുണ്ടെങ്കിലും, വിറകിനും വില കുത്തനെ കൂടുന്നത് ഈ മേഖലയെ ആകെ നിശ്ചലമാക്കുന്നു. കേരളത്തിൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുതിയ വില ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. ഗൃഹാവശ്യത്തിനുള്ള സിലിണ്ടറുകളുടെ (14.2 കിലോ) വിലയിൽ നിലവിൽ മാറ്റമില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.