"സ്ത്രീകൾക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം, അവസരങ്ങൾ തേടാനുള്ള ആത്മവിശ്വാസം...": വാഗ്ദാനം നടപ്പിലാക്കിയ സർക്കാറിന് പ്രിയങ്കഗാന്ധിയുടെ അഭിനന്ദനം

ന്യൂഡൽഹി: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് ദേശീയ തലത്തിൽ വൻ സ്വീകാര്യത. തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ജൂൺ 15 മുതലാണ് കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര പ്രാബല്യത്തിൽ വന്നത്.ഇന്ദിര ഗ്യാരൻ്റി നടപ്പാക്കിയതിലൂടെ കോൺഗ്രസ് വീണ്ടും ജനങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചതായി പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ഇതൊരു ബസ് പാസ് മാത്രമല്ലെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പുതിയ അധ്യായമാണെന്നും അവർ വ്യക്തമാക്കി.സൗജന്യ യാത്രാ പദ്ധതി സ്ത്രീകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കും. ദിവസേന ബസുകളിൽ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഗതാഗതച്ചെലവിൽ വലിയ ആശ്വാസമാണ് ഈ പദ്ധതി നൽകുക. യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും പുതിയ അവസരങ്ങൾ തേടാനുള്ള ആത്മവിശ്വാസവും നൽകുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
പിന്തുണച്ച് മുൻ ഗതാഗത മന്ത്രിഗണേഷ് കുമാർ
പദ്ധതിയെ സ്വാഗതം ചെയ്ത് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തുവന്നു. തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിച്ചത് മികച്ച കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും പുറമെ ചെറിയ ആൺകുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് മുൻ മന്ത്രി നിർദേശിച്ചു. ഇതിനൊപ്പം സ്ത്രീകൾക്കായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ചർച്ചകളിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് അനുയോജ്യമായ മാർഗം സർക്കാർ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗണേഷ് കുമാർ വ്യക്തമാക്കി.
സാമ്പത്തിക നേട്ടവും സാമൂഹിക പങ്കാളിത്തവും
സാമൂഹിക ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പ്രധാന ക്ഷേമപദ്ധതികളിലൊന്നാണ് പ്രിയദർശിനിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഗതാഗതച്ചെലവിൽ ഉണ്ടാകുന്ന ലാഭം കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ നടപ്പിലാക്കിയ സമാനമായ സൗജന്യ യാത്രാ പദ്ധതികൾ വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ പദ്ധതി പ്രാവർത്തികമാക്കിയത്. ഗ്രാമീണ മേഖലയിലുൾപ്പെടെ കെഎസ്ആർടിസി ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് പദ്ധതി വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. വിദ്യാർഥിനികൾക്കും തൊഴിലന്വേഷകർക്കും ഈ പദ്ധതിയിലൂടെ പ്രതിമാസം വലിയൊരു തുക ലാഭിക്കാൻ കഴിയുമെന്നത് ശ്രദ്ധേയമാണ്.