'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വി ഡി സതീശൻ അനുകൂല ഫ്ലക്‌സ് ബോര്‍ഡുകള്‍

'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വി ഡി സതീശൻ അനുകൂല ഫ്ലക്‌സ് ബോര്‍ഡുകള്‍

കണ്ണൂർ: വീണ്ടും വി ഡി സതീശൻ അനുകൂല ഫ്ലക്‌സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂർ ശ്രീകണ്‌ഠാപുരത്താണ് ഇന്ന് ഫ്ലക്‌സ് ബോർഡ് വച്ചിരിക്കുന്നത്.'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നാണ് ബോർഡില്‍ എഴുതിയിരിക്കുന്നത്. കോട്ടൂർവയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഈ ഫ്ലക്‌സ് വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിച്ച ബൂത്ത് കമ്മിറ്റിയാണ് കോട്ടൂർവയല്‍ കോണ്‍ഗ്രസ് കമ്മിറ്റി എന്നാണ് വിവരം. ഫ്ലക്‌സ് വച്ചതിന്റെ ഉത്തരവാദിത്തം ഇതുവരെ നേതൃത്വം ഏറ്റെടുത്തിട്ടില്ല.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ പലയിടങ്ങളിലായി വി ഡി സതീശന്റെ കൂറ്റൻ ഫ്ലക്‌സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ തൊടുപുഴയില്‍ പട്ടയം കവലയ്‌ക്ക് സമീപം 'പട നയിച്ചവൻ നാട് നയിക്കും' എന്നെഴുതിയ ഫ്ലക്‌സ് ബോർഡ് വച്ചിരുന്നു. വി ഡി സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും എഴുതിയിട്ടുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചിട്ടുള്ളത്.