രമേശ് ചെന്നിത്തലയുടെ പരസ്യം; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

രമേശ് ചെന്നിത്തലയുടെ പരസ്യം; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കായി പത്രത്തില്‍ പരസ്യം നല്‍കിയതില്‍ തിരുവന്തപുരം ഡിസിസി സെക്രട്ടറി എ പ്രജിന്‍ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്‍കിയത് പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമാണെന്നും പ്രജിന്‍ ബാബുവിന്റെ നടപടി അച്ചടക്കലംഘനമാണെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കുമെന്ന് പ്രജിന്‍ ബാബു പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടയിലാണ് ദിനപത്രത്തില്‍ ഫുള്‍ പേജ് ഫോക്കസ് ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ ഇത്തരത്തില്‍ ആളുകളെ കുറിച്ച് ഫീച്ചറുകള്‍ മുന്‍പും ചെയ്തിട്ടുണ്ടെന്നാണ് പ്രജിന്‍ ബാബുവിന്റെ വാദം. നേരത്തെ രമേശ് ചെന്നിത്തലയെ കുറിച്ച് ഇത്തരത്തില്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ടെന്നും പ്രജിന്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കേരളത്തിലെ നേതാക്കളില്‍ പോര് രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരമൊരു ഫീച്ചര്‍ വന്നത് ചെന്നിത്തലയെ സഹായിക്കാനാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള പരസ്യപ്രഖ്യാപനങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി അഭ്യര്‍ഥിച്ചിരുന്നു. അതിന് പിന്നാലെയാണ് രമേശിനെ പുകഴ്ത്തിയുള്ള ഫീച്ചര്‍ കഴിഞ്ഞ ദിവസം പത്രത്തില്‍ വന്നത്. ഇത് രമേശിന്റെ പ്രവര്‍ത്തനമികവ് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണെന്നാണ് രമേശിൻ്റെ  എതിര്‍വിഭാഗക്കാര്‍ പറയുന്നത്. എന്നാല്‍ തന്റെ അറിവോടെയല്ല ഇങ്ങനെ ഒരു ഫീച്ചര്‍ വന്നതെന്നാണ് ചെന്നിത്തല പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. ഫീച്ചര്‍ പത്രത്തില്‍ വന്നതിന് പിന്നാലെ ചെന്നിത്തല വിളിച്ചിരുന്നതായി പ്രജിന്‍ ബാബു പറഞ്ഞു. തന്നോട് കൂടി ആലോചിച്ച ശേഷം മതിയായിരുന്നു ഇത്തരമൊരു ഫീച്ചറെന്ന് ചെന്നിത്തല അറിയിച്ചതായും എന്തായിരുന്നോ താങ്കള്‍ ഉദ്ദേശിച്ചത് അതിന്റെ നേര്‍വിപീരീതമാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞതായി പ്രജിന്‍ ബാബു പറഞ്ഞു.