റൈഫിൽ ഷൂട്ടിംഗ് താരം നെറ്റിയിൽ വെടിയേറ്റ് മരിച്ച നിലയിൽ

റൈഫിൽ ഷൂട്ടിംഗ് താരം നെറ്റിയിൽ വെടിയേറ്റ് മരിച്ച നിലയിൽ

കോഴിക്കോട് : പന്തീരാങ്കാവിൽ പത്തൊമ്പതുകാരനായ വിദ്യാർഥിയെ വീടിനകത്ത് നെറ്റിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം റോഡിൽ എടക്കാട്ടു പുറത്ത് പറമ്പിൽ മണാൽ കാർത്തിക് (19) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്യാസ് ഏജൻസി നടത്തുന്ന രക്ഷിതാക്കളാണ് നെറ്റിയിൽ വെടിയേറ്റ് കിടക്കുന്ന കാർത്തികിനെ ആദ്യം കാണുന്നത്.

കടയടച്ച് വീട്ടിലെത്തിയപ്പോൾ വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മാതാപിതാക്കൾ കാർത്തികിനെ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്‌ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പന്തീരാങ്കാവ് പൊലീസ് സംഭവത്തിൽ പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. പൂക്കാട് ഇന്ത്യൻ ഗ്യാസ് ഏജൻസി ഉടമ ഷിബു മണാലിൻ്റെയും സന്ദീപയുടെയും ഇളയ മകനാണ് കാർത്തിക്. സഹോദരൻ ദീപക്.

കാർത്തിക് എന്ന ഷൂട്ടിംഗ് താരം

റൈഫിൽ ഷൂട്ടിംഗ് രംഗത്തെ മിന്നും താരമായ കാർത്തികിനെയാണ് ഇന്നലെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് തൊണ്ടയാട് റൈഫിൾ ക്ലബിൽ ഫയറിങ് പരിശീലനം നടത്തിവരികയായിരുന്നു. റൈഫിൾ ഷൂട്ടിംഗ് രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ കാർത്തികിനെ തേടിയെത്തിയിട്ടുണ്ട്. മൂന്ന് തവണ ദേശീയ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. ഒറ്റിക്കാട്ടൂർ എ ഡബ്ലിയു എച്ചിലെ ബിടെക് എ ഡി വിദ്യാർഥിയാണ് കാർത്തിക്ക്.

വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കാർത്തികിൻ്റെ മരണകാരണം ദുരൂഹതയായി തുടരുകയാണ്. കാർത്തിക് സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ അങ്ങനെ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കാർത്തികിൻ്റെ മരണത്തിൽ അന്വേഷണം പന്തീരാങ്കാവ് പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.