സ്ത്രീകൾക്ക് പ്രതിമാസം 3,000 , ഏകീകൃത സിവിൽ കോഡ് ; വമ്പൻ വാഗ്‌ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക
കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. 'സങ്കൽപ് പത്ര' എന്ന തലക്കെട്ടോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പത്രിക പ്രകാശനം ചെയ്‌തത്. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കും, എല്ലാ സ്ത്രീകൾക്കും പ്രതിമാസം 3,000 രൂപ പെൻഷൻ എന്നിവയാണ് പത്രികയിലെ പ്രാധാന വാഗ്‌ധാനങ്ങൾ.
"ബിജെപി സങ്കൽപ് പത്ര കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും വഴികാട്ടുകയും അവർക്ക് ഒരു പുതിയ ഭാവി നൽകുകയും ചെയ്യും. ബംഗാളിൻ്റെ സംസ്‌കാരത്തിൽ അഭിമാനിക്കുന്ന ഓരോ പൗരനും ഇത് പുതിയ പ്രതീക്ഷ നൽകും. കൂടാതെ സോണാർ ബംഗ്ലാ സൃഷ്‌ടിക്കുന്നതിനുള്ള ഒരു രൂപരേഖയായി ഇത് പ്രവർത്തിക്കും," അമിത് ഷാ പറഞ്ഞു. ബംഗാളില്‍ ബിജെപി സർക്കാർ വരുമെന്നും എല്ലാ കേന്ദ്ര സർക്കാർ പദ്ധതികളും പൂർണ്ണ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.
സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനായി പ്രതിമാസം 3,000 രൂപ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ പൊലീസ് സേനയിലും എല്ലാ സർക്കാർ തസ്‌തികകളിലും സ്ത്രീകൾക്ക് 33% സംവരണം ഉറപ്പുവരുത്തും. എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു വനിതാ പൊലീസ് സ്റ്റേഷനും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഹെൽപ്പ് ഡെസ്‌ക്കും വീതം രൂപീകരിക്കും.ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം നടപ്പിലാക്കിയിട്ടുള്ള ഏകീകൃത സിവിൽ കോഡ്, പാർട്ടി സർക്കാർ രൂപീകരിച്ച് ആറ് മാസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ നടപ്പിലാക്കും. ഇത് കൂടാതെ മറ്റ് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളം ബിജെപി പ്രകടന പത്രികയിലൂടെ പുറത്തുവിട്ടു.
ബിജെപി പ്രകടന പത്രകയിലെ മറ്റ് പ്രഖ്യാപനങ്ങൾ
എല്ലാ സർക്കാർ ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും ക്ഷാമബത്ത (ഡിഎ) ഉറപ്പാക്കും. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഏഴാം ശമ്പള കമ്മീഷൻ 45 ദിവസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ബിരുദം നേടിയ എല്ലാ യുവതീ യുവാക്കൾക്കും 3,000 രൂപ പ്രതിമാസം അലവൻസ് നൽകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവരെ സഹായിക്കുന്നതിന് 15,000 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം.കർഷകർക്ക്, പ്രധാനമന്ത്രി - കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിൽ നിന്ന് പ്രതിവർഷം 3,000 രൂപ കൂടി നൽകുമെന്ന് ബിജെപി വാഗ്‌ധാനം ചെയ്‌തു. ഇത് മൊത്തം സഹായം പ്രതിവർഷം 9,000 രൂപയായി ഉയർത്തി. കർഷകർക്കായി പ്രത്യേക പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. നെല്ല്, ഉരുളക്കിഴങ്ങ്, മാമ്പഴം കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാൻ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണൽ, കൽക്കരി, കല്ല് മാഫിയകൾക്കെതിരെ ഒരു മാസത്തിനുള്ളിൽ കർശന നടപടി സ്വീകരിക്കും. ഗർഭകാലത്ത് സ്ത്രീകൾക്ക് 31,000 രൂപ സാമ്പത്തിക സഹായം നൽകും. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം.
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും
നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ഇല്ലാതാക്കുകയും നാടുകടത്തുകയും ചെയ്യുമെന്നതാണ് അമിത് ഷായുടെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. നുഴഞ്ഞുകയറ്റക്കാരോട് ഞങ്ങൾക്ക് ഒരു സഹിഷ്‌ണുതയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കർഷകർ, യുവാക്കൾ, സ്ത്രീകൾ, സർക്കാർ ജീവനക്കാർ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണെന്ന് ബിജെപി യുടെ ഇത്തവണത്തെ പ്രകടന പത്രിക. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് മമത ബാനർജി സർക്കാരിൻ്റെ കഴിഞ്ഞ 15 വർഷത്തെ ഭരണം ഒരു ദുഃസ്വപ്‌നം ആയിരുന്നു," അദ്ദേഹം ആരോപിച്ചു.ഇത്തവണ പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ 152 സീറ്റുകളിലേക്ക് ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 142 സീറ്റുകളിലേക്ക് ഏപ്രിൽ 29 ന് വോട്ടെടുപ്പ് നടക്കും.