പ്രതിഷ്‌ഠാ ദിനം മെയ് 26ന്; മെയ് 25ന് ശബരിമലനട തുറക്കും

പത്തനംതിട്ട: പ്രതിഷ്‌ഠാദിനത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമല നട മെയ് 25 ന് തുറക്കും. മെയ് 26ന് ആണ് പ്രതിഷ്‌ഠാദിനം. മെയ് 25ന് വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.പ്രതിഷ്‌ഠാദിനമായ മെയ് 26 ന് രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക. പ്രതിഷ്‌ഠാ ദിനത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി മെയ് 26 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
സ്വർണക്കൊള്ള കേസിലെ ശാസ്ത്രീയ പരിശോധനാഫലം ഉടൻ
ഇതിനിടെ ശബരിമല ശ്രീകോവിലിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിർണായകമായ ശാസ്ത്രീയ പരിശോധനാഫലം അടുത്തയാഴ്‌ചയോടെ പുറത്തുവരും. ജംഷഡ് പൂരിലെ നാഷണല്‍ മെറ്റലർജിക്കല്‍ ലാബില്‍ നടത്തിയ കാലപ്പഴക്ക നിർണയ പരിശോധന പൂർത്തിയായതായാണ് വിവരം.ഔദ്യോഗിക പരിശോധനാഫലം അടുത്തയാഴ്‌ച പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. 1998ല്‍ വിജയ് മല്യയുടെ സ്പോൺസർഷിപ്പിൽ സ്വർണം പൊതിഞ്ഞപ്പോൾ ഉപയോഗിച്ച ചെമ്പു പാളികൾ തന്നെയാണോ ഇപ്പോഴും ശ്രീകോവിലിലുള്ളത് എന്ന കാര്യം കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.ഫെബ്രുവരിയിലാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചത്. ശബരിമല ശ്രീകോവിലിനു മുന്നിലെ രണ്ട് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് 12 കഷ്‌ണങ്ങളും കട്ടിളയില്‍ നിന്ന് ഒരു സാമ്പിളുമാണ് ശേഖരിച്ചത്. ഇത് കൂടാതെ തെക്കും വടക്കുമുള്ള തൂണുകളിൽ നിന്നും വടക്കുപടിഞ്ഞാറെ തൂണിൽ നിന്നും ഓരോ സാമ്പിളുകള്‍ വീതവും അന്വേഷണ സംഖം ശേഖരിച്ചിരുന്നു.
നേരത്തെ ഏപ്രിൽ അവസാന വാരം ശാസ്ത്രീയ പരിശോധനാ ഫലം വരുമെന്നാണ് കരുതിയിരുന്നത് എന്നാൽ മെയ് 18 ആയിട്ടും ഫലം വന്നില്ല. ലബോറട്ടറി റിപ്പോർട്ടിനെ ആശ്രയിച്ച് കൂടുതൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവൻ നേരിട്ട് ഹാജരായാണ് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.
സ്വർണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഈ റിപ്പോർട്ടിലൂടെ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, 2025ൽ പിഎസ് പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടത്തിയ സ്വർണം പൂശൽ ജോലിയിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും മറ്റും ഈ ശാസ്ത്രീയ ഫലം അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.