പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നതിന് വിലക്ക്:സുപ്രധാന തീരുമാനവുമായി സൗദി

പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നതിന് വിലക്ക്:സുപ്രധാന തീരുമാനവുമായി സൗദി

മക്ക: ഹജ്ജ് വേളയിൽ നടക്കുന്ന 84 മണിക്കൂർ നീളുന്ന വാർഷിക ബലി കർമങ്ങളിൽ പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നത് നിരോധിച്ച് സൗദി അറേബ്യൻ അധികൃതർ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ അബ്രഹാം ആരംഭിച്ച ഒരു ആചാരത്തിൻ്റെ സ്‌മരണയ്ക്കായി ആടുകളെ മാത്രമേ ബലിയർപ്പിക്കാൻ പാടുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.

​"ഹജ്ജ് കാലയളവിൽ ഞങ്ങൾ പശുക്കളെയും ഒട്ടകങ്ങളെയും ബലി നൽകുന്നില്ല. 2019-ൽ കൊറോണ വൈറസ് പടർന്നുപിടിച്ചതിന് ശേഷമാണ് വലിയ മൃഗങ്ങളെ ബലി നൽകുന്നത് സൗദി അധികൃതർ നിരോധിച്ചത്," ഹജ്ജ് കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അളവിൽ ചുവന്ന ഇറച്ചി സൂക്ഷിക്കുന്ന, പത്ത് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അത്യാധുനിക അറവു ശാലയുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ നിയന്ത്രിത പ്രോഗ്രാമായ 'ഹാദി ആൻഡ് അദാഹി'യുടെ ജനറൽ മാനേജർ സിറാജ് മുഹമ്മദ് അൽഫെലാലി പറഞ്ഞു.ഹജ്ജ് വേളയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് മൃഗബലി നടത്തുന്നതിനായി അത്യാധുനിക യന്ത്രസാമഗ്രികളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും അൽഫെലാലി വ്യക്തമാക്കി. തീർഥാടകർ നിശ്ചിത സമയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടത്തി ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിക്കുന്ന പുണ്യതാഴ്‌വരയായ മിനായ്ക്ക് സമീപമാണ് ഈ അറവു ശാല സ്ഥാപിച്ചിട്ടുള്ളത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനത്തിൻ്റെ സമാപ്തിയിൽ കൃതജ്ഞതയുടെയും സ്മരണയുടെയും പ്രതീകമായി ഓരോ തീർഥാടകനും ബലി കർമം നിർവഹിക്കുന്നു.

അറവു ശാലയിൽ മാധ്യമസംഘത്തെ കൊണ്ടുപോയ അൽഫെലാലി, മൃഗങ്ങളെ അറുക്കുന്നത് മുതൽ 20 വലിയ ഡീപ് ഫ്രീസറുകളിൽ ഇറച്ചി സൂക്ഷിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു നൽകി. മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും, അറുത്തതിന് ശേഷം രണ്ടാമതൊരു റൗണ്ട് വൈദ്യപരിശോധന കൂടി നടത്തിയാണ് ഇറച്ചി സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കേന്ദ്രത്തിൽ ശരാശരി പത്ത് ലക്ഷത്തോളം ആടുകളെ അറുക്കാറുണ്ട്. ഒരു മൃഗത്തിന് 720 സൗദി റിയാൽ വീതമാണ് ഓരോ തീർഥാടകനും നൽകേണ്ടത്.ഭക്ഷ്യയോഗ്യമായ മാംസങ്ങൾ ഫ്രീസറുകളിൽ വളരെക്കാലം സൂക്ഷിക്കാറില്ല. ഹജ്ജ് തീർത്ഥാടനം അവസാനിച്ച് തീർഥാടകർ അവരുടെ രാജ്യങ്ങളിലേക്ക് പോയ ഉടൻ തന്നെ ഹാദി, അദാഹി ഉദ്യോഗസ്ഥർ ലോകമെമ്പാടും മാംസം വിതരണം ചെയ്യാൻ തുടങ്ങുന്നു. ഏകദേശം 37 മുസ്ലീം രാജ്യങ്ങളിലേക്ക് ബലിമാംസം ഉദ്യോഗസ്ഥർ അയയ്ക്കുന്നു. ചില രാജ്യങ്ങൾ ഇതിനായി ഞങ്ങളുടെ സർക്കാരിനെ നേരിട്ട് സമീപിക്കാറുണ്ട്. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ സൂചിക പരിശോധിച്ച്, ലോകത്തിലെ ഏറ്റവും പാവപ്പെട്ട മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളെയും ഞങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നു, അൽഫെലാലി വ്യക്തമാക്കി.

മൃഗാവശിഷ്ടങ്ങൾ  കുഴിച്ചുമൂടുന്ന രീതി  ഉപേക്ഷിക്കുന്നു 

​കൂട്ടത്തോടെ മൃഗങ്ങളെ അറുക്കുമ്പോൾ കുമിഞ്ഞുകൂടുന്ന ടൺകണക്കിന് മൃഗാവശിഷ്ടങ്ങൾ മുൻകാലങ്ങളിലെപ്പോലെ ഭൂമിയിൽ കുഴിച്ചുമൂടുന്ന രീതി അധികൃതർ ഇപ്പോൾ ഘട്ടംഘട്ടമായി ഉപേക്ഷിക്കുകയാണ്. ഹജ്ജ് സീസണിലെ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി നാഷണൽ സെൻ്റർ ഫോർ വേസ്റ്റ് മാനേജ്‌മെൻ്റ് (MWAN), മക്കയിൽ അത്യാധുനിക റെൻഡറിംഗ് സാങ്കേതികവിദ്യയോടു കൂടിയ ഒരു മാതൃകാ കന്നുകാലി നഗര പദ്ധതി (Model livestock city project) ആരംഭിച്ചിട്ടുണ്ട്.

രക്തം, കൊഴുപ്പ്, കുടൽമാലകൾ എന്നിവ സംസ്‌കരിക്കുന്നതിനും അസ്ഥികൾ പൊടിക്കുന്നതിനും ദുർഗന്ധം നിയന്ത്രിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങൾ അടങ്ങിയ പ്രത്യേക യൂണിറ്റുകൾ ഈ പദ്ധതിയിലുണ്ടെന്ന് MWAN ഉദ്യോഗസ്ഥൻ പറഞ്ഞു. വർഷത്തിൽ 2,500 ടൺ വരെ ഖര-ദ്രവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഈ സംയോജിത പ്രവർത്തന ശൃംഖലയ്ക്ക് കഴിയും.

​"അറുക്കപ്പെടുന്ന മൃഗങ്ങളുടെ ഭാരത്തിൻ്റെ ഏകദേശം 45 ശതമാനത്തോളം വരുന്ന മാലിന്യങ്ങളെ ഓർഗാനിക് ദ്രാവക വളങ്ങൾ, പ്രോട്ടീൻ പൗഡറുകൾ, മൃഗങ്ങൾക്കുള്ള തീറ്റകൾ എന്നിവയുൾപ്പെടെ വിപണിയിൽ മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റാനാണ് ഈ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്," ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിൽ ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ സാധിക്കുന്ന ഒരു മാതൃകാ സർക്കുലർ ഇക്കണോമി പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.