സൗദി അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രി 2026: അനിമേഷ് കുജൂരിനും മുഹമ്മദ് അഫ്‌സലിനും സുവർണ്ണ നേട്ടം

സൗദി അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രി 2026: അനിമേഷ് കുജൂരിനും മുഹമ്മദ് അഫ്‌സലിനും സുവർണ്ണ നേട്ടം

റിയാദ്: അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് വേദിയിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം. റിയാദിൽ നടന്ന സൗദി അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിയിൽ ഇന്ത്യൻ താരങ്ങളായ അനിമേഷ് കുജൂറും മുഹമ്മദ് അഫ്‌സലും തങ്ങളുടെ കരിയറിലെ മികച്ച ഫോം തുടർന്നുകൊണ്ട് സ്വര്‍ണ്ണ മെഡലുകൾ സ്വന്തമാക്കി. പ്രിൻസസ് നൂറ ബിൻത് അബ്ദുൾറഹ്മാൻ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മുഹമ്മദ് അഫ്‌സലിന് സുവർണ്ണ ഫിനിഷ്

പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിലാണ് ദേശീയ റെക്കോർഡ് ജേതാവായ മുഹമ്മദ് അഫ്‌സൽ ഒന്നാമതെത്തിയത്. 1:48.24 സെക്കൻഡിലാണ് അഫ്‌സൽ ഫിനിഷിംഗ് ലൈൻ തൊട്ടത്. ദക്ഷിണാഫ്രിക്കയുടെ ക്രിസ്റ്റഫർ സ്വാർട്ടിനെ (1:48.50) നേരിയ വ്യത്യാസത്തിൽ മറികടന്നാണ് താരത്തിന്‍റെ വിജയം. വെർണർ ഗൗസ് (1:48.75) മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷം പോളണ്ടിൽ 1:44.93 എന്ന സമയത്തോടെ ദേശീയ റെക്കോർഡ് കുറിച്ച അഫ്‌സൽ, 2023 ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയിട്ടുണ്ട്.

മിന്നും പ്രകടനവുമായി അനിമേഷ് കുജൂർ

രാജ്യത്തെ ഏറ്റവും വേഗതയേറിയ സ്പ്രിന്‍ററായ 22-കാരൻ അനിമേഷ് കുജൂർ പുരുഷന്മാരുടെ 200 മീറ്ററിൽ 20.77 സെക്കൻഡിൽ ഓടിയെത്തി സ്വർണ്ണം നേടി. ഗ്രേറ്റ് ബ്രിട്ടന്‍റെ ഡേവിഡ് ഹാരിസൺ (20.87 സെക്കൻഡ്), ടോബി ഹാരിസ് (21.01 സെക്കൻഡ്) എന്നിവരെയാണ് അനിമേഷ് പിന്നിലാക്കിയത്.മുമ്പ് നടന്ന 100 മീറ്റർ സ്പ്രിന്‍റില്‍ 10.44 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത അനിമേഷ് നേരിയ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടപ്പെടുത്തിയത് (രണ്ടാം സ്ഥാനം). 10.42 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത ബ്രിട്ടന്‍റെ ഡേവിഡ് ഹാരിസൺ ആയിരുന്നു ഈ ഇനത്തിൽ ഒന്നാമത്. മുൻ ഇന്ത്യൻ ദേശീയ റെക്കോർഡ് ജേതാവ് ഗുരീന്ദർവീർ സിംഗും 10.44 സെക്കൻഡ് കുറിച്ചെങ്കിലും ഫോട്ടോ ഫിനിഷിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 100 മീറ്ററിലും (10.18 സെക്കൻഡ്), 200 മീറ്ററിലും (20.32 സെക്കൻഡ്) ഇന്ത്യയുടെ ദേശീയ റെക്കോർഡ് അനിമേഷന്‍റെ പേരിലാണ്.

മറ്റ് ഇന്ത്യൻ നേട്ടങ്ങൾ:

എം. കൃഷിക് (110 മീറ്റർ ഹർഡിൽസ്): പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ 13.90 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് കൃഷിക് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. 60 മീറ്റർ ഹർഡിൽസിലെ ഇന്ത്യൻ ഇൻഡോർ ചാമ്പ്യനായ കൃഷികിന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.4x100 മീറ്റർ റിലേ: പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം 40.49 സെക്കൻഡിൽ ഒന്നാമതെത്തി. ആതിഥേയരായ സൗദി അറേബ്യയെ (41.89 സെക്കൻഡ്) പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണ്ണം അണിഞ്ഞത്. മത്സരത്തിൽ പങ്കെടുത്ത 5 ടീമുകളിൽ രണ്ട് ടീമുകൾ മാത്രമാണ് ഫൈനൽ റേസിനായി ട്രാക്കിലിറങ്ങിയത്.