സബ് ഇൻസ്പെക്ടർ നിയമനം റദ്ദാക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടത്തിന് ഷിനു ചൊവ്വ
കണ്ണൂർ: മുൻ സർക്കാരിന്റെ കാലത്ത് പോലീസ് സബ് ഇൻസ്പെക്ടറായി തനിക്ക് ലഭിച്ച നിയമനം റദ്ദാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ പുതിയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ബോഡി ബിൽഡിങ് താരം ഷിനു ചൊവ്വ രംഗത്തെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോലി അവസാന നിമിഷം നഷ്ടമാകുന്ന അവസ്ഥയെ ഇലയിട്ടിട്ട് ഊണില്ലാത്ത സാഹചര്യത്തോടാണ് അദ്ദേഹം ഉപമിച്ചത്. കായികതാരങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഈ നടപടിയെ കാണുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.വെറും അറുപത്തിയൊൻപത് മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നത്. കായികക്ഷമതാ പരീക്ഷയെക്കുറിച്ച് വെറും നാല് ദിവസം മുൻപ് മാത്രമാണ് തന്നെ അറിയിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. തന്റെ നിയമനം പൂർണ്ണമായും നിയമപരമായ വഴികളിലൂടെയാണ് നേടിയതെന്ന് വ്യക്തമാക്കുന്ന ഷിനു ചൊവ്വ, ഇതിനെതിരെ ഒരു കൂട്ടം ആളുകൾ ആസൂത്രിതമായി നീക്കം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും തന്റെ യോഗ്യതകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മെഡിക്കൽ പരിശോധനാ ഘട്ടത്തിലും തന്നെ പരാജയപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും എന്നാൽ അത് വിജയിച്ചില്ലെന്നും പറഞ്ഞ അദ്ദേഹം, ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു.
https://www.worldm.news/keralam/bodybuilding-star-shinu--31164