വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്. ഒരാൾക്ക് ഗുരുതര പരിക്ക്. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. സുരക്ഷ മുൻനിർത്തി വൈറ്റ് ഹൗസിൻ്റെ വടക്കേ പുൽത്തകിടിയിൽ നിന്ന് ആളുകളെ രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് അടിയന്തരമായി ഒഴിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ വ്യക്തമാക്കി.ഐസൻഹോവർ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള 17ആം സ്ട്രീറ്റിൻ്റെയും പെൻസിൽവാനിയ അവന്യൂ എൻഡബ്ലിയുടെയും ഇടയിലായാണ് സംഭവം നടന്നത്. ഏകദേശം 30 വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഭവസമയത്ത് വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ബൂത്തിൽ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു. പ്രതി സുരക്ഷാ ബൂത്തിലേക്ക് വെടിയുതിർത്തെന്നാണ് പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നത്. പിന്നാലെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചും വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അക്രമകാരി മരിച്ചു. ആക്രമണത്തിൽ സമീപത്ത് നിന്നിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തത് പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസ് സമുച്ചയത്തിലും പരിസര പ്രദേശങ്ങളിലും കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുറച്ച് സമയത്തേക്ക് താൽക്കാലിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് സുരക്ഷാസേനയുടെ സാന്നിധ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്.

സുരക്ഷാ ഏജൻസികളുടെ അടിയന്തര പ്രതികരണം

എഫ്ബിഐ (ഫെഡറൽ ബ്യറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) വാഷിങ്‌ടൺ സംഭവത്തിൽ പ്രതികരിച്ചതായി ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. യുഎസ് സീക്രട്ട് സർവീസുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കുന്നതായും എഫ്ബിഐ വ്യക്തമാക്കി.യുഎസ് രഹസ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് അതിവേഗ പ്രതികരണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. വെടിവെപ്പിനെ തുടർന്ന് വൈറ്റ് ഹൗസ് ഗ്രൗണ്ടിൻ്റെ വടക്കൻ ഭാഗം സുരക്ഷാ കാരണങ്ങളാൽ ഒഴിപ്പിക്കുകയും പൊതുജന പ്രവേശനം നിയന്ത്രിക്കുകയും ചെയ്‌തു.