തൊഴിൽശാലകളിലെ കുഴഞ്ഞു വീണുള്ള മരണത്തിന് പരിഹാരം : സുരക്ഷാ സംവിധാനം നിർമ്മിച്ച് ഐഐഐടി സംഘം

തൊഴിൽശാലകളിലെ കുഴഞ്ഞു വീണുള്ള മരണത്തിന് പരിഹാരം :  സുരക്ഷാ സംവിധാനം നിർമ്മിച്ച്  ഐഐഐടി സംഘം

ഹൈദരാബാദ്: 'ജോലിക്കിടെ കുഴഞ്ഞ് വീണ് തൊഴിലാളി മരിച്ചു, ദേഹാസ്വസ്ഥം മൂലം തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു', പലപ്പോഴായി നാം കണ്ടുവരുന്ന വാർത്തകളാണിത്. പ്രത്യേകിച്ച് പൊള്ളുന്ന വെയിലിൽ പണിക്ക് ഇറങ്ങുന്ന ഓരോ തൊഴിലാളിയും തൻ്റെ ജീവൻ അപകടത്തിലാക്കിയാണ് ജോലിക്ക് ഇറങ്ങുന്നത്.തൊഴിലാളികളുടെ ജീവന് സുരക്ഷ ഒരുക്കിക്കൊണ്ട് ഒരു പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഐഐഐടി ഹൈദരാബാദിലെ പ്രൊഫസർ അഭിഷേക് ശ്രീവാസ്‌തവയും സംഘവും. ജോലിസ്ഥലത്തെ അപകടങ്ങളും മരണങ്ങളും കുറക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലാളികൾക്കായി ഒരു കിറ്റാണ് ഈ സംഘം കണ്ടുപിടിച്ചിരിക്കുന്നത്.

ജോലി സമയത്ത് തൊഴിലാളികൾക്ക് അനുഭവപ്പെടുന്ന ക്ഷീണം, അവർക്ക് അനുഭവപ്പെുന്ന അസ്വസ്ഥതകൾ എന്നിവയെല്ലാം ഈ കിറ്റ് വഴി അറിയാൻ കഴിയും. അതു വഴി അവർക്ക് വേണ്ട വൈദ്യസഹായം നൽകാൻ സാധിക്കുകയും അവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.കോംപാക്‌റ്റ് ഉപകരണം, സെൻസറുകൾ, അരയിൽ ധരിക്കാൻ ഒരു ബെൽറ്റ് എന്നിവയാണ് ഈ കിറ്റിൽ ഉള്ളത്. ഈ കിറ്റിൽ അടിങ്ങിയിരിക്കുന്ന സെൻസറുകൾ ഒരു സൈറ്റിലെ തൊഴിലാളികളുടെ കൃത്യമായ സ്ഥാനം ട്രാക്ക് ചെയ്യുന്നു. ഇത് ഹൃദയമിടിപ്പ്, ശരീരത്തിലെ താപനില, രക്തത്തിലെ ഓക്‌സിജൻ്റെ അളവ് എന്നിവ നിരീക്ഷിക്കുന്നു.

തൊഴിലാളിക്ക് വേണ്ട വായുസഞ്ചാരം കൃത്യമായി കിട്ടുന്നുണ്ടോ, വെളിച്ചം കുറവായ അന്തരീക്ഷത്തിലാണോ തൊഴിലാളികൾ ജോലി ചെയ്യുന്നത് തുടങ്ങിയകാര്യങ്ങളും ഈ സെൻസർ വഴി തുടർച്ചയായി നിരീക്ഷിക്കാൻ കഴിയും."ശാരീരികമായി അനുഭവപ്പെടുന്ന ക്ഷീണം കണ്ടെത്തുന്നതിനാണ് ഈ കിറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ക്ഷീണം കാരണം ഒരു തൊഴിലാളിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഉടൻ തന്നെ ഒരു കേന്ദ്ര നിരീക്ഷണ സംവിധാനത്തിലേക്ക് അലേർട്ടുകൾ അയക്കും. സമയബന്ധിതായ രക്ഷാപ്രവർത്തനത്തിലൂടെ ആ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ ഇത് വഴി കാരണമാവുന്നു", പ്രൊഫ. അഭിഷേക് ശ്രീവാസ്‌തവ പറഞ്ഞു.ഹൈദരാബാദിലെ രാമഗുണ്ടം തെർമൽ പവർ സ്‌റ്റേഷനിൽ ഈ കിറ്റ് ഇതിനകം തന്നെ പരീക്ഷണത്തിന് വിധേയമായിട്ടുണ്ട്. ഹൈദരാബാദിലെ മറ്റ് നിർമ്മാണ സ്ഥലങ്ങളിലും ഇത് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ച് വിജയിച്ചതായി അഭിഷേക് പറഞ്ഞു.

പ്രായോഗിക വിപണി ആവശ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട് ഈ കണ്ടുപിടുത്തത്തെ കൂടുതല്‍ നവീകരിച്ച് വിപണിയിലെത്തിക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പിൽ നിന്ന് പദ്ധതിക്ക് സാമ്പത്തിക സഹായം ലഭിച്ചു. ഗവേഷണം ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്നും പേറ്റൻ്റിന് അപേക്ഷിക്കാനായി പദ്ധതിയിടുന്നുണ്ടെന്നും അഭിഷേക് പറഞ്ഞു.

ജോലിസ്ഥലത്ത് ഇത്തരം സുരക്ഷകളെ കുറിച്ച് ആശങ്കകൾ വർദ്ധിച്ചു വരുന്ന ഈ സാഹച്യത്തിൽ അപകടങ്ങൾ തടയുന്നതിലും വ്യവസായങ്ങളിലുടനീളം ജീവൻ രക്ഷിക്കുന്നതിലും ഐഐഐടി ഹൈദരാബാദിലെ സംഘം കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും.