ടിഎംസിയിലെ പിളർപ്പ് ലോകസഭയിൽ എൻഡിഎയ്ക്ക് ഗുണമാകുന്നു :മുന്നണി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ഉണ്ടായ ആഭ്യന്തര കലാപം പാർലമെന്റിലേക്കും പടരുന്നു . ലോക്സഭയിലെ 29 തൃണമൂൽ എം.പിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഭരണകക്ഷിയായ എൻ.ഡി.എ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ ചീഫ് വിപ്പുമായ കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത സംഘം തങ്ങളെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇതോടെ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന് ലോക്സഭയിൽ നിർണ്ണായകമായ മൂന്നിൽ രണ്ട് (2/3) ഭൂരിപക്ഷത്തിലേക്ക് എത്താനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പാർലമെന്റിൽ അവതരിപ്പിച്ച മണ്ഡല പുനർനിർണ്ണയ ബില്ലും (Delimitation Bill 2026) ഇതിനോടൊപ്പം ചേർത്ത വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. അന്ന് 298 വോട്ടുകൾ മാത്രമാണ് ബില്ലിന് അനുകൂലമായി സർക്കാരിന് നേടാനായത്. എന്നാൽ പുതിയ രാഷ്ട്രീയ നീക്കത്തോടെ എൻ.ഡി.എയുടെ അംഗബലം ആദ്യമായി 300 കടക്കും. നിലവിൽ ലോക്സഭയിൽ കക്ഷിനില 293 ഉള്ള എൻ.ഡി.എയ്ക്ക് തൃണമൂലിലെ 20 വിമതരുടെ പിന്തുണ ലഭിക്കുന്നതോടെ ഇത് 313 ആയി ഉയരും. ഇതിനുപുറമെ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ കക്ഷിയായ ടി.വി.കെയോട് പരാജയപ്പെട്ട എം.കെ. സ്റ്റാലിന്റെ ഡി.എം.കെ (22 എം.പിമാർ) ചില പ്രത്യേക വിഷയങ്ങളിൽ സർക്കാരിന് പിന്തുണ നൽകാൻ ചർച്ചകൾ നടത്തുന്നുണ്ട്.ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഒരു വിഭാഗം കൂടി പിന്തുണച്ചാൽ എൻ.ഡി.എ സഖ്യത്തിന്റെ വോട്ട് നില 348 വരെയെത്താം. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ നിലവിലെ 540 അംഗ സഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് പ്രത്യേക ഭൂരിപക്ഷ സംഖ്യ 360 ആണ്. വരാനിരിക്കുന്ന ജൂലൈയിലെ മൺസൂൺ സമ്മേളനത്തിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബില്ലും, 2029 മുതൽ പ്രാബല്യത്തിൽ വരാവുന്ന 33% വനിതാ സംവരണ ബില്ലും, അതോടൊപ്പം ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation, One Election) പോലുള്ള നിർണ്ണായക നിയമങ്ങളും പാസ്സാക്കാൻ ഈ പുതിയ രാഷ്ട്രീയ പിളർപ്പ് ബി.ജെ.പിക്ക് കരുത്താകും.