കന്നി വോട്ടർമാർക്ക് മധുരമേകാൻ കോഴിക്കോടൻ ഹൽവ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

കോഴിക്കോട്: വോട്ടെടുപ്പിന് എത്തുന്ന കന്നി വോട്ടർമാർക്ക് വിതരണം ചെയ്യാൻ കോഴിക്കോടൻ ഹൽവ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാനുള്ള കൗണ്ടറുകൾ ഉൾപ്പെടെ ഒരുക്കി ഇത്തവണത്തെ തെരഞ്ഞെടുപ്പ് വേറിട്ടതാക്കുകയാണ് പോളിങ് സ്റ്റേഷനുകൾ.മനോഹരമായ ചെറിയ പാക്കറ്റുകളിലാക്കിയാണ് കന്നി വോട്ടർമാർക്ക് വോട്ട് ചെയ്ത ശേഷം ഹൽവ നൽകുന്നത്. കനത്ത ചൂടിനിടയിലും സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തുന്ന യുവാക്കളുടെ ആവേശത്തിന് മധുരം പകരുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യമായി വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ഈ വേറിട്ട സ്വീകരണം വലിയ സന്തോഷമാണ് നൽകുന്നത്. ജനാധിപത്യത്തിൻ്റെ ഈ മഹോത്സവം മധുരം നൽകി ആരംഭിക്കുന്നത് പുതുതലമുറയ്ക്ക് വലിയ ആവേശമായി. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ കൂടുതൽ യുവാക്കളെ ആകർഷിക്കാൻ ഇത്തരം നടപടികൾ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബൂത്തുകളിൽ വൻ തിരക്ക്

ജില്ലയുടെ കിഴക്കൻ മേഖലയിലെ പോളിങ് കേന്ദ്രങ്ങളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ ഏഴ് മണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. പകൽ സമയത്തെ കനത്ത ചൂട് കണക്കിലെടുത്താണ് വോട്ടർമാർ അതിരാവിലെ തന്നെ ബൂത്തുകളിൽ എത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കർശന നിർദേശപ്രകാരം വോട്ടിങ് കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർക്ക് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ചില ബൂത്തുകൾ തെരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകളും മറ്റും ഉപയോഗിച്ച് ആകർഷകമായി അലങ്കരിച്ചിട്ടുമുണ്ട്.മൊബൈൽ ഫോൺ കൗണ്ടർ

മാവൂർ അടുവാട് എഎൽപി സ്കൂളിലെ 139, 140, 141 ബൂത്തുകളിൽ എത്തുന്ന വോട്ടർമാർക്ക് മൊബൈൽ ഫോൺ സുരക്ഷിതമായി വയ്ക്കാൻ കൗണ്ടറുകൾ ഒരുക്കിയത് വലിയ സൗകര്യമായി. ഇവിടെ എത്തുന്ന വോട്ടർമാർ കൗണ്ടറിലുള്ള ഉദ്യോഗസ്ഥരെ ഫോൺ ഏൽപ്പിക്കുമ്പോൾ ടോക്കൺ നൽകും. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോൾ ഈ ടോക്കൺ കാണിച്ച് ഫോൺ തിരികെ വാങ്ങാം. പോളിങ് സ്റ്റേഷനുകളിൽ പ്രവേശനോത്സവത്തിന് സമാനമായ രീതിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയത് ഏറെ പ്രയോജനപ്പെട്ടതായി നാട്ടുകാർ പ്രതികരിച്ചു. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി വലിയ മുന്നൊരുക്കങ്ങളാണ് ഇത്തവണ ബൂത്തുകളിൽ ഉള്ളത്.

ഇവിഎം തകരാർ പ്രതിസന്ധിയായി

ഇതിനിടെ ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ സംഭവിച്ചത് പോളിങ് ഏറെനേരം തടസ്സപ്പെടാൻ കാരണമായി. പിന്നീട് ഉദ്യോഗസ്ഥർ തകരാർ പരിഹരിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ജോലിക്ക് പോകാൻ എത്തിയവർക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.