ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: മെറ്റൽ കയറ്റി വന്ന ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അടൂർ പറക്കോട് ആണ് അപകടം അതിദാരുണമായ സംഭവം നടന്നത്. പറക്കോട് പീടികയിൽ മറിയം ബീവിയാണ് (60) അപകടത്തെ തുടർന്ന് വീടിൻ്റെ അവശിഷ്‌ടങ്ങളിൽ കുടുങ്ങി മരിച്ചത്. കെപി റോഡിൽ പറക്കോട് സ്‌കൂൾ ജംഗ്ഷന് സമീപം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്‌തിരുന്ന വീടിൻ്റെ മുകളിലേക്കാണ് നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചുകയറിയത്. മെറ്റൽ ലോഡുമായി പോകുന്ന വഴിക്കായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും അവ പൂർണമായി തകരുകയും ചെയ്‌തു. ശേഷം റോഡിനോട് ചേർന്നുള്ള വീടിനുള്ളിൽ മുകളിലേയ്‌ക്ക് പതിച്ചു. അപകടത്തിൻ്റെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി പൂർണമായും തകർന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന മറിയം ബീവി വീടിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ നാട്ടുകാർ അടൂർ ഫയർ യൂണിറ്റിൽ വിവരം അറിയിച്ചു. സംഘം വീടിനുള്ളിലെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങിക്കിടന്ന മറിയം ബീവിയെ പുറത്തെടുത്തു. ഉടൻ തന്നെ അവരെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല.