തീവ്രവാദ പ്രവർത്തനം: അഞ്ച് പേരെ അറസ്റ്റ് ചെയ്‌ത് ഗുജറാത്ത് എടിഎസ്

ഗാന്ധിനഗർ: പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ-മുഹമ്മദ് (ജെഇഎം) മായി ബന്ധമുള്ള അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്‌ത് ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. നേരത്തെ ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്ത എട്ട് ഭീകരരെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.ബിലാൽ അബിദ്ഭായ് ഷേര (24), മുഹമ്മദ് ഖാദിയാസാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അയൂബ് കദിവാൾ (22), മുഹമ്മദ് അയ്യൂഭായ് സുനാസ്ര (20),ഷാഫിയ റയീസ് മുഖി (21), മുഹമ്മദ് ഹസൻ ഹനീഫ് ഭായ് കരാദിയ (20) എന്നിവരാണ് പിടിയിലായത്. ഈ പ്രതികളെല്ലാം ബനസ്‌കന്ത, പടാൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഇവർ മദ്രസകളിലാണ് താമസിച്ചിരുന്നത്.
അന്വേഷണത്തിൽ കണ്ടെത്തിയത് നിർണായക തെളിവുകൾ
പ്രതികളിൽ നിന്നും അവരുടെ മൊബൈൽ ഫോണുകളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി ജെയ്‌ഷ്-ഇ-മുഹമ്മദ് പതാക, ഭീകരവാദി മസൂദ് അസ്ഹർ എഴുതിയ ജിഹാദി പുസ്‌തകങ്ങളുടെ അച്ചടിച്ച പകർപ്പുകൾ, മസൂദ് അസ്ഹറിനെ അഭിസംബോധന ചെയ്‌തുള്ള കത്തുകളുടെ പകർപ്പുകൾ, ഭീകരപ്രവർത്തനങ്ങൾക്കായി കരുതി വച്ചിരുന്ന 1,30,000 രൂപ എന്നിവ കണ്ടെടുത്തതായി ഗുജറാത്ത് എടിഎസ് ഡിഐജി സുനിൽ ജോഷി അറിയിച്ചു.
"ഒരു ഒറ്റപ്പെട്ട മുജാഹിദ് എങ്ങനെ ജിഹാദ് നടത്തണം" (How a Lone Mujahid Should Wage Jihad) തുടങ്ങിയ ജിഹാദി പുസ്‌തകങ്ങളുടെ പകർപ്പുകൾ പ്രതികൾ പഠിക്കുകയും, ജിഹാദിൽ പങ്കുചേരാൻ മറ്റ് മദ്രസകളിലെ വിദ്യാർത്ഥികളെ ക്ഷണിക്കുകയും ചെയ്‌തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. 2023-നും 2026 ഫെബ്രുവരിയ്ക്കുമിടയിൽ സംസ്ഥാനത്തുടനീളം എട്ട് വ്യത്യസ്‌ത സ്ഥലങ്ങളിലായി വിവിധതരം സ്ഫോടകവസ്‌തുക്കളും ടൈമർ സംവിധാനങ്ങളും ഉപയോഗിച്ച് ബോംബ് സ്ഫോടന പരീക്ഷണങ്ങൾ ഇവർ നടത്തിയിരുന്നു. ഐ ഇ ഡി ബോംബുകൾ നിർമ്മിക്കുന്നതിനുള്ള സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.
കേസ് വിവരങ്ങൾ
ചില ആളുകൾ ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും സജീവമായ ഒരു ശൃംഖല സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി ഗുജറാത്ത് എടിഎസിന് രഹസ്യ വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട്, 2026 ജൂലൈ 2-ന് ATS പൊലീസ് സ്റ്റേഷനിൽ FIR നമ്പർ 05/2026 രജിസ്റ്റർ ചെയ്‌തു. യുഎപിഎ യിലെ 13, 17, 18, 38, 39 എന്നീ വകുപ്പുകളും ബിഎന്‍ എസിൻ്റെ 61, 148 എന്നീ വകുപ്പുകളും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.അഞ്ച് പ്രതികളെയും 2026 ജൂലൈ 15-ന് അറസ്റ്റ് ചെയ്യുകയും എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്‌തു. ഈ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് എടിഎസ് (ATS) ഉദ്യോഗസ്ഥർ അറിയിച്ചു. ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധയിടങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ദേശവിരുദ്ധ ശക്തികൾക്കെതിരെ എടിഎസ് നിരന്തരം ജാഗ്രത പുലർത്തുന്നുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.